സ്ത്രീപീഡന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ഹർജി തള്ളി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ഹർജി തള്ളി ഹൈക്കോടതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം നടനു മജിസ്ട്രേട്ട് കോടതിയിൽ ഉന്നയിക്കാമെന്നു കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിന് തയാറല്ലെന്നു പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.കേസിൽ വിചാരണ തുടരാമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.
കേസ് ഒത്തുതീർപ്പാക്കിയെന്നു ഹർജിഭാഗം തെറ്റായ വിവരമാണു നൽകിയതെന്നു പരാതിക്കാരി അറിയിച്ചതിനെത്തുടർന്നു കേസിലെ തുടർനടപടിക്കുള്ള സ്റ്റേ ഫെബ്രുവരിയിൽ ഹൈക്കോടതി നീക്കിയിരുന്നു. 2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്