ചന്ദ്രയാൻ–3വിക്ഷേപണം ജൂലൈയിൽ
ബെംഗളൂരു ∙ ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3 ജൂലൈ 12ന് വിക്ഷേപിച്ചേക്കും. ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണു വിക്ഷേപണം. ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ല. പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും റോവറും ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം. ആകെ 3900 കിലോഗ്രാമാണു ഭാരം.
ദൗത്യത്തിലെ ശാസ്ത്രീയ ഉപകരണങ്ങളുടെ സംയോജനം ബെംഗളൂരു യു.ആർ.റാവു ഉപഗ്രഹ കേന്ദ്രത്തിൽ ആരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു.
ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറക്കുന്ന രീതിയിലായിരിക്കും ദൗത്യം. 2019 ൽ ഇന്ത്യയുടെ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയിരുന്നു. ഘടനാപരമായ പരിഷ്കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണു പുതിയ ദൗത്യത്തിലെ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്