ആൻ്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ്; ഇന്ന് തീരുമാനമായേക്കും
തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്
നെടുമങ്ങാട് : മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. 34 വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും.
കേസില്‍ മുന്‍മന്ത്രി ആന്റണി രാജു ഡിസംബർ 20ന് കോടതിയിൽ ഹാജരായിരുന്നു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹാജരായത്. എന്നാൽ കേസ് ഈ മാസം 23-ലേക്ക് പരിഗണിക്കാനായി മാറ്റി. എം.എൽ.എമാരും എം.പിമാരും ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികളുണ്ടെന്നും അതിനാൽ ഈ കേസ് അവിടെ മാത്രം പരിഗണിക്കാൻ പാടുള്ളൂവെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ നെടുമങ്ങാട് കോടതിയെ അറിയിച്ചിുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി വിദേശിയെ വെറുതെവിട്ടിരുന്നു. എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.