BreakingKeralaOthersPolitics

ഹണി റോസിന്റെ അതിവേഗം കല കേസിൽ ഇല്ല. വി.ഡി.സതീശൻ

തിരുവനന്തപുരം ∙ കൂത്താട്ടുകുളത്തു സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിയമസഭയിൽ ബഹളം. പ്രതിപക്ഷമാണു വിഷയം ഉന്നയിച്ചത്. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീസുരക്ഷ എന്താണെന്ന് അടിയന്തരപ്രമേയ നോട്ടിസിന് അനുമതി തേടി അനൂപ് ജേക്കബ് ചോദിച്ചു. വൃത്തികേടിനു പൊലീസ് കൂട്ടുനിന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
‘‘വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലിയൊടിക്കും എന്നു പറയുന്നതുമാണോ സ്ത്രീസുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിനു ശക്തിയില്ലേ? മൂവാറ്റുപുഴ ഡിവൈഎസ്പി ഉൾപ്പെടെ നോക്കി നിൽക്കുമ്പോഴാണു കലയെ തട്ടിക്കൊണ്ടു പോയത്. നടി ഹണി റോസിന്റെ കേസിൽ അതിവേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ വിഷയത്തിൽ മെല്ലെപ്പോക്കിലാണ്’’– സതീശൻ ആരോപിച്ചു.
താൻ സംസാരിക്കുമ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കിയതിൽ സതീശൻ ക്ഷോഭിച്ചു. കയ്യിലെ കടലാസ് ശക്തിയിൽ നിലത്തേക്ക് എറിയുകയും ചെയ്തു. എന്തു തെമ്മാടിത്തമാണിതെന്നു സ്പീക്കർ എ.എൻ.ഷംസീറിനോടും ചോദിച്ചു. ഭരണപക്ഷം അഭിനവ ദുശ്ശാസനന്മാരായി മാറുകയാണെന്നും സതീശൻ പറഞ്ഞു.

കല രാജുവിനു സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി. സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗരവമായി കാണും. പൊലീസ് നടപടി ഉണ്ടാകും. സഭ നിർത്തി ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടായെന്നും അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ എന്നും സതീശൻ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *