Kerala

ഹണിട്രാപ്പ് :കെണിയിൽ പെടുന്നവരുടെ എണ്ണം പെരുകുമ്പോൾ..

ഹണിട്രാപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം വലിയ രീതിയിൽ കൂടുന്നു. സ്നേഹം നടിച്ചു കെണിയിൽ പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്യുക എന്നതാണ് അവരുടെ രീതി. ലക്ഷങ്ങൾ ആണ് അവരുടെ ലക്ഷ്യം.ഹോട്ടലുടമയെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മിൽ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്. പരിചയക്കാരായതിനാൽ മൂവരും സംസാരം തുടർന്നു.

പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാൻ 3 പേരും ചേർന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനിൽപ് തുടർന്നപ്പോഴാണ് ഫർഹാന ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നൽകിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

അതേസമയം, അറസ്റ്റിലായ വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി(22), ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന(19), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. 

ഹണി ട്രാപ് കേസുകൾ തമ്മിലുള്ള അകലം ദിവസങ്ങൾ മാത്രം. ഒരു കേസ് ചാർജ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ അടുത്ത കേസ് വന്നിരിക്കും. അതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *