രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലേക്ക്.
ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം
പാലക്കാട്: ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് രാഹുൽ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്നും രാഷ്ട്രീയമില്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.

