Health

ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് എറണാകുളം വരെ 2 മണിക്കൂർ 59 മിനിറ്റ്

/കൊച്ചി ∙ട്രാഫിക് സിനിമ തിരക്കഥ പോലെ, ജീവൻ കയ്യിൽപ്പിടിച്ചു പ്രാർത്ഥനയോടെ ഒരു നാട്.. ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ ജീവൻ രക്ഷിക്കാൻ കട്ടപ്പനയിൽ നിന്ന് എറണാകുളം അമൃത ആശുപത്രിയിൽ ആംബുലൻസ് എത്തിയത് 2 മണിക്കൂർ 59 മിനിറ്റുകൊണ്ട്. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയയ്ക്കായി പൊലീസ് ഗതാഗതം ക്രമീകരിച്ചപ്പോൾ നാടൊന്നാകെ ആംബുലൻസിനായി വഴിയൊരുക്കി.
ഇന്നലെ രാവിലെ 6.15ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുകയായിരുന്നു ആൻ മരിയ. കുറച്ചുകഴിഞ്ഞപ്പോൾ ആൻ മരിയ ബോധരഹിതയായി വീണു. ഉടൻ കാറിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചതോടെ എറണാകുളത്തേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
. പൊലീസ് അകമ്പടിയോടെ 11.30നു കട്ടപ്പനയിൽ നിന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഐസിയു ആംബുലൻസ് പുറപ്പെട്ടു. മണിക്കുട്ടനായിരുന്നു ഡ്രൈവർ. സഹഡ്രൈവർ തോമസ് ദേവസ്യ, നഴ്സുമാരായ ടിൻസ് ഏബ്രഹാം, ബിബിൻ ബേബി എന്നിവരും ഒപ്പമുണ്ടായിരുന്നു വൈറ്റിലയിൽ ഉൾപ്പെടെ അൽപനേരത്തേക്കു ഗതാഗതം തടഞ്ഞും പ്രധാന ജംക്‌ഷനുകളിലെ സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്തും ആംബുലൻസ് കടത്തിവിട്ടു. കൃത്യം 2.29ന് ആംബുലൻസ് അമൃതയിലെത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള ആൻ മരിയ 72 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതിസന്ധിഘട്ടങ്ങളിൽ ഒരുമിച്ചു നിൽക്കുന്ന മലയാളിയുടെ ഐക്യം ഒരിക്കൽക്കൂടി പ്രകടമായി.ആൻ മരിയയുടെ ആരോഗ്യസ്ഥിതി ആശാവഹമാണെന്നു ഡോക്ടർമാർ അറിയിച്ച.

ചില ചോദ്യങ്ങൾ ബാക്കിയാവുന്നു.

ഇടുക്കി പോലെ ഒരു നാട്ടിൽ ഇപ്പോഴും ആധുനിക സാങ്കേതികത അവകാശപ്പെടാൻ തക്ക ആശുപത്രികൾ ഒന്നും തന്നെ ഇല്ല. ഇനി എന്ന് ഇതൊക്കെ സാധ്യമാകും?. ആരോഗ്യരംഗത്ത് മികവ് അവകാശപ്പെടുമ്പോഴും ഇന്നും കേരളം പല മേഖലകളിലും വളരെ പിന്നിലാണ്എന്ന് വീണ്ടും ഇവിടെ തെളിയിക്കപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *