നാളെ വോട്ടെടുപ്പ്
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. തെക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഇന്നലെ ഏഴ് ജില്ലകളിലും വലിയ ആവേശം നിറഞ്ഞ കൊട്ടിക്കലാശമാണ് കാണാനായത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് നാളെ (ചൊവ്വാഴ്ച) വോട്ടെടുപ്പ് നടക്കുന്നത്. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ആദ്യഘട്ടത്തിൽ വിധിയെഴുത്ത്. മൂന്ന് മുന്നണികളും പ്രചാരണ കാലയളവിൽ വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. ഇന്നലെ നടന്ന കലാശക്കൊട്ടിൽ ആവേശം വാനോളമുയർന്നു.

