ഇടുക്കിയിൽ അവസാനിച്ചത് മികച്ച വിനോദ സഞ്ചാര സീസൺ.
കൊറോണ വ്യാപന തീവ്രത കുറഞ്ഞതോടെ വേനൽ അവധിക്കാലം അടിച്ചു പൊളിച്ച കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.വേനൽ അവധിക്കാലം കഴിയുമ്പോൾ ഇടുക്കിയിൽ അവസാനിച്ചത് മികച്ച വിനോദ സഞ്ചാര സീസൺ. മൂന്നാറാണ് ഇതിൽ നേട്ടമുണ്ടാക്കിയ സ്ഥലം. മൂന്നാറിലെ രാജമല, ലക്കം വെള്ളച്ചാട്ടം, മറയൂർ, കാന്തല്ലൂർ, ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി, കുണ്ടള, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, വട്ടവട, പാമ്പാടും ചോല, പഴയ മൂന്നാർ, ബ്ലോസംപാർക്ക്, പോതമേട് വ്യൂ പോയിന്റ്, ആറ്റുകാട് വെള്ളച്ചാട്ടം ഇവിടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തി. വനംവകുപ്പിന്റെ കീഴിലുള്ള രാജമലയിൽ ഏപ്രിൽ മാസത്തിൽ 70,535 പേരും മെയ് 29 വരെ 89,818 പേരും സന്ദർശിച്ചു. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ മാർച്ചിൽ 16,560 പേരും ഏപ്രിൽ മാസത്തിൽ 28,160 പേരും സന്ദർശനം നടത്തി.
ബൊട്ടാണിക്കൽ ഗാർഡനിൽ 28,040 പേരാണ് ഏപ്രിലിൽ സന്ദർശനം നടത്തിയത്. മൂന്നാർ ഫ്ലവർ ഷോ നടന്ന മേയ് മാസത്തിൽ ബൊട്ടാണിക്കൽ ഗാർഡനിൽ 1,16,133 പേരും സന്ദർശനത്തിനെത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സ്ഥലങ്ങളും മികച്ച നേട്ടമുണ്ടാക്കി.