ഹെക്സഗൺ ഓഫ് അലയൻസ്’
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടുമുമ്പായി പശ്ചിമേഷ്യയിൽ പുതിയൊരു ഭൗമരാഷ്ട്രീയ സഖ്യത്തിന് രൂപം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘ഹെക്സഗൺ ഓഫ് അലയൻസ്’ (Hexagon of Alliances) എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ സഖ്യത്തിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായാണ് ഇസ്രായേൽ കാണുന്നത്.
മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെയും ശത്രുരാജ്യങ്ങളുടെ കൂട്ടായ്മകളെയും നേരിടാനാണ് ഈ ആറംഗ സഖ്യം ലക്ഷ്യമിടുന്നത്. ഇന്ത്യയെക്കൂടാതെ ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നിവരാണ് സഖ്യത്തിലെ പ്രധാന രാജ്യങ്ങൾ. മറ്റ് അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും ഇതിന്റെ ഭാഗമാകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. സന്ദർശന വേളയിൽ ഇരു നേതാക്കളും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

