BreakingCrimeKerala

കവടിയാർ കൊട്ടാരത്തിലെ  കവർച്ച.ആസൂത്രണം ചെയ്തതെന്ന് പൊലീസ്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പൊലീസ്. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് സ്ഥിരീകരണം. റിട്രീവ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിക്കില്ലെന്ന് ശാസ്ത്രീയമായ മറുപടി ലഭിച്ചു. കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബെംഗളൂരു , ചെന്നൈ എന്നിവിടങ്ങളിൽ ഉള്ള ബന്ധുക്കളെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യുന്നു. 20 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരുടെ മൊബൈൽ വിവരങ്ങൾ അടക്കം പരിശോധിക്കാനും നീക്കമുണ്ട്.
പരാതി നൽകാൻ കാലതാമസമെടുത്തത് തിരിച്ചടിയായി. 2025 നവംബറിൽ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നു പരാതി. എന്നാൽ പൊലീസിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത് 2026 മാർച്ചിലായിരുന്നു. ഏകദേശം രണ്ടു കോടി വിലയുള്ള അമൂല്യ ആഭരണങ്ങൾ ആണ് കവർച്ചയിൽ നഷ്ടമായത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പേരൂർക്കട പൊലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *