വിസ്മയം തീർത്ത ‘ദൃശ്യം’
.അപ്രതീക്ഷിതമായ ഒരു കുറ്റകൃത്യം മൂലം സാധാരണ ജീവിതം താറുമാറായ ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ദൃശ്യം പരമ്പര പറയുന്നത്.
തിരുവനന്തപുരം : വിവിധ ഭാഷകളിലും തലമുറകളിലും ഒരുപോലെ പ്രേക്ഷകരുടെ കാത്തിരിപ്പ് നിലനിർത്താൻ കഴിഞ്ഞ തുടർചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ വളരെ കുറവാണ്. മലയാള സിനിമയിലെ ത്രില്ലറുകളുടെ നിർവ്വചനം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ‘ദൃശ്യം’. സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ പരമ്പരയിലെ മൂന്നാം പതിപ്പും (ദൃശ്യം 3) മെയ് 21-ന് ബഹുഭാഷകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്.
സമീപവർഷങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും വലിയ തിയേറ്റർ ഇവന്റുകളിൽ ഒന്നായിരിക്കും ദൃശ്യം 3 എന്നാണ് കരുതപ്പെടുന്നത്. എന്നാൽ, മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് വലിയ പ്രതീക്ഷകളോടെയെത്തിയ ‘പേട്രിയറ്റ്’ എന്ന ചിത്രത്തിൽ അടുത്തിടെ കണ്ടതുപോലെ, മലയാള സിനിമകളെ കുറിച്ചുള്ള വലിയ ഹൈപ്പ് എപ്പോഴും ബോക്സ് ഓഫീസ് കളക്ഷനെയോ നിരൂപക പ്രശംസയെയോ ഉറപ്പ് നൽകുന്നില്ലെന്നത് വാസ്തുതയാണ്.അപ്രതീക്ഷിതമായ ഒരു കുറ്റകൃത്യം മൂലം സാധാരണ ജീവിതം താറുമാറായ ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ദൃശ്യം പരമ്പര പറയുന്നത്. ദൃശ്യം (2013) എന്ന സിനിമയിൽ, പോലീസ് അന്വേഷണത്തിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കാൻ ജോർജ്ജ്കുട്ടി തന്റെ ബുദ്ധിശക്തി ഉപയോഗിക്കുന്നു, അതേസമയം ദൃശ്യം 2 (2021)-ൽ വർഷങ്ങൾക്ക് ശേഷം പഴയ രഹസ്യങ്ങൾ വീണ്ടും പുറത്തുവരുമ്പോൾ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചാണ് പറയുന്നത്. ദൃശ്യം 3-യുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ കുടുംബത്തിന്റെ തുടർച്ചയായ അതിജീവനത്തിനായുള്ള പോരാട്ടത്തെ കുറിച്ച് സൂചന നൽകുന്നുണ്ട്. ഇത്തവണ ജോർജ്ജ്കുട്ടി സ്വന്തമായി ഒരു ആന്തരിക സംഘർഷവുമായി പോരാടുന്നതായി തോന്നുന്നു. കുറ്റബോധം ഒടുവിൽ അദ്ദേഹത്തിന്റെ മനസ്സാക്ഷിയെ ബാധിക്കുന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഇത് ഈ അവസാന ഭാഗത്തെ പരമ്പരയിലെ മറ്റ് ചിത്രങ്ങളേക്കാൾ വൈകാരിക തലങ്ങളുള്ളതാക്കി മാറ്റിയേക്കാം.

