BreakingCrimeOthers

ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കർശന നടപടി


ലൈംഗികാതിക്രമ പരാതികളിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം വേഗത്തിലാക്കി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും പോലീസ് ഉദ്യോഗസ്ഥർക്ക് വിജയ് നിർദേശം നൽകി

ചെന്നൈ: തമിഴ്‌നാട്ടിൽ ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് കർശന നിർദേശവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ലൈംഗികാതിക്രമ പരാതികളിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം വേഗത്തിലാക്കി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും പോലീസ് ഉദ്യോഗസ്ഥർക്ക് വിജയ് നിർദേശം നൽകി. സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


ലൈംഗികാതിക്രമ കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തത്. സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി എം. സായ്കുമാർ, ആഭ്യന്തര സെക്രട്ടറി കെ. മണിവസൻ, അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ, സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി മറിയം പല്ലവി ബൽദേവ്, ഡിജിപി സന്ദീപ് റോയ് റാത്തോഡ് തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *