പിടിതരാതെ കാലവർഷം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇനിയും വൈകാൻ സാധ്യത. കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഞായറാഴ്ച കാലവർഷം എത്തുമെന്നായിരുന്നു. ലക്ഷദ്വീപ് വരെ കാലർഷം എത്തിയിരുന്നു. എന്നാൽ കേരളത്തിലേക്ക് കടന്നില്ല. ഞായറാഴ്ച ശക്തമായ മഴയ്ക്കു സൂചന നൽകി 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നു തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമർദമായേക്കും. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.