പ്രോട്ടീൻ പൗഡർ വില്പനയുടെ മറവിൽ ലഹരിക്കച്ചവടം
തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്. കഴിഞ്ഞദിവസമാണ് തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ അസം സ്വദേശി പ്രജ്വല്‍ ഗോഗോയ് എന്ന 34 വയസ്സുകാരൻ അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിലേക്ക് ഉടമ വിഷ്ണു പ്രദീപിലേക്കും എത്തിയത്.
അരക്കിലോളം വരുന്ന കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. മുൻപും കഞ്ചാവ് കേസുകൾ ഉണ്ടെങ്കിലും തൂക്കത്തിൽ അരക്കിലോയിൽ താഴെ ആയതിനാൽ പെട്ടെന്ന് തന്നെ വിഷ്ണു പ്രദീപ് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. ഈ കേസിൽ പുറത്തിറങ്ങൽ എളുപ്പമാകാതിരിക്കാനാണ് പൊലീസിന്റെ പുതിയ നീക്കം. പിറ്റ് ആക്ട് ചുമത്താൻ കോടതിയിൽ ഉടൻതന്നെ തൃശൂർ ഈസ്റ്റ് പൊലീസ് അപേക്ഷ സമർപ്പിക്കും. ഇയാളോടൊപ്പം പിടിയിലായ പ്രജ്വൽ ഗോഗോയ് കാലടിയിൽ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

