തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്തേക്കും.
കോഴിക്കോട്: അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും. ടെൻഡറോ, മറ്റൊരു ഉറപ്പോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതാണ് മുൻ കായികമന്ത്രിയിലേക്ക് അന്വേഷണം നീളാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉടനെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ് ഐ ടി. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ ജി സി ഡിയും ഇതിനായി രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനും എസ് ഐ ടിയുടെ അന്വേഷണ റഡാറിലാണ്. കൂടുതൽ ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തും. റിപ്പോർട്ടർ കമ്പനി നികുതി വെട്ടിച്ചതിൽ രണ്ട് ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴിയും എസ് ഐ ടി രേഖപ്പെടുത്തി. അതിനിടെ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ ഹാജരാക്കി. അതേസമയം റിപ്പോർട്ടർ ചാനലിലെ റെയ്ഡ് അടക്കമുള്ള പൊലീസ് നടപടികൾ ഒരു ചട്ടലംഘനവുമില്ലെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നും ആവർത്തിച്ചു.
കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള രേഖകൾ, ഫോൺ, ലാപ്ടോപ്പ്, ഐ പാഡ്, മെമ്മറി കാർഡ് ഉൾപ്പടെ, റിപ്പോർട്ടർ ബ്രോക്സാസ്റ്റിറ്റിംഗ് കമ്പനിയിൽ നിന്നും ആന്റോ അഗസ്റ്റിന്റെ പക്കൽ നിന്നും പിടിച്ചെടുത്തവയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് എസ് ഐ ടി. മതിയായ തെളിവുകൾ ഉണ്ടെന്നാണ് എസ് ഐ ടിയുടെ നിഗമനം. ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധന നടത്തും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിന്റെ വിശ്വാസ്യത, അതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഇതിൽ നടത്തിയ ഇടപാടുകൾ, ഇതെല്ലാം വിശദമായി പരിശോധിക്കും. മെസിയുടെ വരവിന്റെ പേരില്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ കമ്പനി 25 കോടി രൂപ ജി എസ് ടി വെട്ടിച്ചതിലാണ് ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. സ്പോണ്‍സറോട് സേവന നികുതി അടക്കാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് തയ്യാറാക്കുകയും പിന്നീട് സ്ഥലം മാറ്റപ്പെടുകയും ചെയ്ത കാഞ്ഞങ്ങാട് ജി എസ് ടി ഇന്റലിജൻസ് ഓഫീസർ ആയിരുന്ന രത്നാകരന്‍, നിലവിൽ കാഞ്ഞങ്ങാട് ജി എസ് ടി ഇന്റലിജൻസ് ഓഫീസറായ സജിനി എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. ഇനി അന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എസ് ഐ ടി. അതേസമയം എസ് ഐ ടിക്ക് പൂർണ സ്വാതന്ത്ര്യമെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നത്.

