പിണറായി വിജയന് ആശ്വാസം
ന്യൂഡൽഹി : മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. പിണറായി വിജയന് അപ്പീൽ നൽകാനുള്ള അവസരം നഷ്ടപ്പെടുത്തി എന്നാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. പിണറായിയുടെ അപ്പീല്‍ ഹൈക്കോടതി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിലെത്തിയത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി പരിഗണിച്ചു.

