സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം. ഏഴ് ദിവസത്തിനു ശേഷം പുറത്തേക്ക്
*
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ അതിക്രമിച്ചുകയറി സമാധാനാന്തരീക്ഷം തകർത്തെന്ന കേസിൽ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രാങ്കയ്ക്കും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ഇരുവരുടെയും കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്ക് കൂടി നീട്ടിനൽകണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യത്തിൽ കോടതി നേരത്തെ വിധി പറയാൻ മാറ്റിവെച്ചിരുന്നു. തുടർന്ന് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ് ഉത്തരവുണ്ടായത്.
ഒക്ടോബർ 14 നാണ് സൗരവ് ദാസിനെയും അശുതോഷ് രാങ്കയെയും കസ്റ്റഡിയിലെടുത്തത്. അന്ന് കോടതി ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് ഒക്ടോബർ 19 ന് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ കാലാവധിയാണ് ബുധനാഴ്ച അവസാനിച്ചത്.

