കടി കിട്ടും സൂക്ഷിച്ചോ
കണ്ണൂർ : തെരുവ് നായ നിർമാർജ്ജന പദ്ധതിയ്ക്കെതിരെ ജനങ്ങളുടെ പരാതി വർധിക്കുന്നു. കണ്ണൂരിൽ തെരുവു നായ കടിച്ചു കൊന്ന ഭിന്നശേഷിക്കാരനായ ബാലൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്ഷേപം ശക്തമായത്. തെരുവ് നായ നിയന്ത്രണ പദ്ധതി പാളിയെന്നാണ് പൊതുജനങ്ങളുടെ ആരോപണം ഇന്നും തെരുവ് നായയെ പേടിക്കാതെ വഴി നടക്കാനാവില്ലെന്നാണ് ജനത്തിന്റെ പരാതി.ആറുവര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ്. ഈ വര്‍ഷം ജനുവരിമുതല്‍ ജൂലൈ വരെയുളള കാലയളവില്‍ രണ്ടുലക്ഷത്തോളം പേര്‍ക്ക് നായകടിയേറ്റു.കഴിഞ്ഞ മാസം മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. കോവിഡ് കാലത്ത് അരുമമൃഗങ്ങളെ വളര്‍ത്തുന്നത് വര്‍ധിച്ചതോടെ വീട്ടകകങ്ങളില്‍ നിന്ന് കടിയേല്‍ക്കുന്നതും കൂടി.നായകടിയേറ്റാല്‍ വാക്സീന്‍ എടുക്കുക നിര്‍ബന്ധമാണ്. മരിച്ച 21 പേരില്‍ 16 പേര്‍ കൃത്യസമയത്ത് ചികില്‍സ തേടിയിരുന്നില്ല. അഭിരാമിയുള്‍പ്പെടെ മറ്റ് അഞ്ചുപേര്‍ക്ക് വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല. ഈയൊരു ഘട്ടത്തിലാണ് പ്രഥമ ശുശ്രൂഷയുടേയും ഏറ്റവും വേഗത്തില്‍ വാക്സീന്‍ എടുക്കേണ്ടതിന്റേയും പ്രാധാന്യം വ്യക്തമാകുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് നായകടിയേറ്റാല്‍ തൊട്ടടുത്ത് എവിടെയെങ്കിലും പൈപ്പുളളടത്തെത്തി ഏറ്റവും വേഗം ആ മുറിവ് സോപ്പും വെളളവുമുപയേഗിച്ച് കഴുകണമെന്നാണ്. കുളിക്കുന്ന ഏതെങ്കിലും സോപ്പുമതി. മുറിവിലേയ്ക്ക് ധാരധാരയായി വെളളമൊഴിച്ച് 15 മിനിറ്റെങ്കിലും കഴുകണം. മുറിവിലുളള വൈറസുകളെ ശരീരഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും മുന്‍പ് പരമാവധി കൊന്നൊടുക്കാന്‍ ഈ സോപ്പ് പ്രയോഗം കൊണ്ട് കഴിയും.
എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത് എന്നതാണ് നായകടിയേറ്റാലുളള പ്രധാനപാഠം. മുറിവ് കഴുകിക്കഴിഞ്ഞാല്‍ അടുത്തുളള കുത്തിവയ്പ് സൗകര്യമുളള ആശുപത്രിയിലെത്തിക്കണം. പേവിഷ ബാധയ്ക്കെതിരെയുളള വാക്സീനെടുക്കണം മുറിവ് സാരമുളളതാണെങ്കില്‍ മുറിവില്‍തന്നെയെടുക്കുന്ന ഇഞ്ചക്ഷനും ശേഷം വാക്സീനുമെടുക്കും. കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സീന്‍ എടുക്കണം. വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക. കടിച്ച നായ ചത്താലും ഇല്ലെങ്കിലും കുത്തിവയ്പുകള്‍ പൂര്‍ണമായും എടുക്കണം. നായ മാത്രമല്ല, പൂച്ച, മരപ്പട്ടി, കുരങ്ങന്‍, പെരുച്ചാഴി, കുറുക്കന്‍ എന്നിവ മാന്തുകയോ കടിക്കുകയോ ചെയ്താലും പേവിഷബാധയുണ്ടാകാം. വാക്സീന്‍ നിര്‍ബന്ധമായും എടുക്കണം.