ആടുജീവിതം വമ്പൻ വിജയത്തിലേക്ക്
എറണാകുളം :മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ വിജയ ചിത്രമാകാനുള്ള മുന്നേറ്റത്തിലാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. ആടുജീവിതം ആഗോളതലത്തില്‍ 60 കോടി രൂപയിലധികം നേടിക്കഴിഞ്ഞു . ആടുജീവിതം 100 കോടിയിലേക്ക് അതിവേഗം കുതിക്കുകയാണ് .
കഴിഞ്ഞ തിങ്കളാഴ്ച കേരളത്തില്‍ ആടുജീവിതം 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുതിയ കളക്ഷൻ റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്ന കണക്കുകളാണ്.
കേരളത്തില്‍ മാത്രമല്ല വിദേശത്തും പൃഥ്വിരാജ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പൻ ക്യാൻവാസിലെത്തിയിട്ടും ആടുജീവിതത്തിന് 82 കോടി രൂപയോളമാണ് ബജറ്റ് എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. സംവിധായകൻ ബ്ലസ്സിയാണ് ബജറ്റ് വെളിപ്പെടുത്തിയത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ചിട്ടും പൃഥ്വിരാജ് ചിത്രം അത്ഭുതപ്പെടുത്തുന്ന ബജറ്റിലേക്ക് എത്താതിരുന്ന സാഹചര്യത്തില്‍ കളക്ഷനില്‍ നിന്ന് വമ്പൻ ലാഭമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.