ആം ആദ്മി ഇന്ത്യാ വിട്ടു
ന്യൂഡൽഹി ∙ ഒറ്റയ്ക്കു മുന്നോട്ടുപോകാനുള്ള രാഷ്ട്രീയ തീരുമാനവുമായി ആം ആദ്മി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി ഇന്ത്യാ സഖ്യം വിടുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഗുജറാത്തിലും ഹരിയാനയിലും സഖ്യകക്ഷികളായി മത്സരിച്ച ആം ആദ്മി പാർട്ടിയും കോൺഗ്രസും പഞ്ചാബിൽ പരസ്പരം മത്സരിച്ചിരുന്നു. കഴിഞ്ഞ വർഷം, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ സമവായത്തിലെത്താൻ ഇരു പാർട്ടികളും പരാജയപ്പെട്ടതിനെ തുടർന്ന് പരസ്പരം മത്സരിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും സഖ്യമില്ലാതെയാണ് മത്സരിച്ചത്.പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.

