പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം.
കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. റിമാന്‍ഡിലായ ദിവ്യ ഇപ്പോൾ പള്ളിക്കുന്ന് ജയിലിലാണുള്ളത്. നേരത്തെ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ രംഗത്തെത്തിയിരുന്നു.
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് മുൻകൂട്ടി പദ്ധതിയിട്ട ശേഷമെന്ന് റിമാൻഡ് റിപ്പോർട്ട്( പുറത്തു വന്നിരുന്നു. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കളക്ടറും സംഘാടകരും ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. ദിവ്യ കരുതിക്കൂട്ടി അപമാനിക്കാനാണ് യോഗത്തിനെത്തിയതെന്നും പ്രസംഗം ചിത്രീകരിക്കാൻ സ്വയം മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.