ഹൈബ്രിഡ് കഞ്ചാവ് കേസിൽ സാക്ഷിയായി ശ്രീനാഥ് ഭാസി
ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിൽ മൂന്നു പ്രതികളും 55 സാക്ഷികളും ഉണ്ട്. പ്രശസ്ത നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. കേസിൽ നിലവിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിലെ പ്രതികള്‍.
ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവുകടത്തിനെക്കുറിച്ച് ചില വിവരങ്ങൾ കൈമാറിയതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് പ്രമുഖ നടനുവേണ്ടിയാണെന്ന് ഷൈൻ പറഞ്ഞതായും സൂചനയുണ്ട്.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു.

