BreakingCrimeKerala

നാടിനെ നടുക്കിയ ക്രൂരതക്ക്,ശിക്ഷാവിധി നാളെ

കൊച്ചി: നാടിനെ നടുക്കിയ, ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷാവിധി നാളെ .എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തിൽ ശിക്ഷ പറയുന്നത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു.
ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.അതിവേഗ വിചാരണയും, കുറ്റക്കാരനെന്ന കണ്ടെത്തലും, വിധിയിൻമേൽ വാദവും പൂർത്തിയായി. ഇനി പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ വിധിക്കണം.പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ് ശിക്ഷ വിധിക്കുക.
പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തതായും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. സമാന കുറ്റകൃത്യങ്ങളിൽ മുൻപും ഏർപ്പെട്ടിട്ടുള്ള പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *