ആലുവ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി
ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ ബീഹാർ സ്വദേശി അസ്ഫാക് ആലം കൂറ്റക്കാരനാണെന്ന് കോടതി. കുറ്റം തെളിയിക്കപ്പെട്ടുവെന്നാണ് കോടതി അറിയിച്ചത്. ഇയാളുടെ പേരിലുള്ള 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. അതേസമയം സമാനതകളില്ലാത്ത ക്രൂരതയാണ് ഇയാൾ ചെയ്തതെന്നും, പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.. 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നതെന്ന എന്ന പ്രത്യേകത ഈ കേസിലുണ്ട്.പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട് ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ റിപ്പോർട്ട് ഹാജരാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.
ജൂലൈ 28 നാണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ. 42 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു