BreakingKeralaOthers

വികസന പദ്ധതികള്‍ എങ്ങുമെത്താതെ അങ്കമാലി

അങ്കമാലി : മുനിസിപ്പാലിറ്റി രൂപീകൃതമായത് മുതല്‍ ഇന്നേവരെ എല്ലാ ബഡ്ജറ്റിലും രണ്ട് പദ്ധതികള്‍ വിടാതെ അവതരിപ്പിക്കാറുണ്ട് ഒന്ന് മുനിസിപ്പല്‍ ടൗണ്‍ ഹാളും രണ്ട് പൊതുകളി സ്ഥലവും ഇത് രണ്ടും ബഡ്ജറ്റില്‍ മാത്രം ഇന്നും ഉറങ്ങി നില്‍ക്കുന്നു. മുനിസിപ്പാലിറ്റി അധികാലവും യുഡിഎഫാണ് ഭരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് ഒന്ന് രണ്ട് വട്ടം ഭരിച്ചിരുന്നു എന്നത് നേരാണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പുറംപോക്കും വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലവും വിട്ട് കൊടുക്കാന്‍ ദേശീയ പാത അതോറട്ടി ആവശ്യപ്പെട്ടെങ്കിലും അന്ന് സംഭവിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍ ഒരിഞ്ചു പൊളിക്കാതെ അങ്കമാലി ടൗണിന്റെ മധ്യ ഭാഗത്തെ സ്ഥലമേറ്റെടുത്താണ് ദേശീയ പാത വികസനം പൂര്‍ത്തീയാക്കിയത്.
അങ്കമാലി ബൈപാസ് എന്നത് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം പറയുവാനുള്ളത് മാത്രമായി . അങ്കമാലിയില്‍ ബ്ലോക്കില്ലാത്ത ദിവസവും സമയവുമേന്തെന്ന് ചോദിക്കാനെ കഴിയു. കൊട്ടിഘോഷിച്ച് അനവധി പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും അത് ഫലപ്രാപ്തിയിലെത്താതെ ഫയലില്‍ ഉറങ്ങുന്നതാണ് സ്ഥിതി.
ബിഒടി അടിസ്ഥാനത്തിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും മിനി സിവില്‍ സ്റ്റേഷനും പിഡബ്ല്യൂഡി റെസ്റ്റ് ഹൗസും നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും അനുബന്ധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണ് . മികച്ചൊരു വ്യാപാര സമുച്ചയം ഉയര്‍ന്ന് വന്നിട്ടും അതിന്റെ ഫലമുണ്ടാകുന്ന രീതിയില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനോ പ്രയോജനപ്പെടുത്തുവാനോ കഴിഞ്ഞിട്ടില്ല. മിനി സിവില്‍ സ്റ്റേഷനാണെങ്കില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവിടേക്ക് മാറ്റി സ്ഥാപിക്കേണ്ടിടത്ത്. ഇന്നും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയും ജിഎസ്ടി ഓഫീസും മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാനായിട്ടില്ല. അതിന് വേണ്ട സകല സജ്ജീകരണങ്ങളും ഉള്ളപ്പോഴാണ് ധിക്കാരപരമായ ഈ നിലപാട്.
വാടക കെട്ടിടത്തില്‍ അങ്കമാലി കോടതിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ ക്വട്ടേഴ്സില്‍ സ്ഥലം അക്വയര്‍ ചെയിതിട്ടുണ്ടെങ്കിലും അതും ഫലപ്രാപ്തിയില്‍ എത്തുന്നില്ല.
മുസിരിസ് ജലപാത യാഥാര്‍ത്ഥ്യമാകുവാന്‍ മാഞ്ഞാലിത്തോടിനോട് ചേര്‍ന്നുള്ള പുറംപോക്ക് ഭൂമി പിടിച്ചെടുത്തും ആഴം കൂട്ടിയും ജലഗതാഗതത്തിന് ഉപയോഗിക്കാമെന്ന് പറച്ചലില്‍ മാത്രം ഒതുങ്ങുന്നു. ദിശ ബോധമുള്ള നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇല്ലാത്തതു കൊണ്ടാണ് യാഥാര്‍ത്ഥ്യമാകാത്തതെന്ന് പറയേണ്ടി വരും.
മികച്ച വികസന മാതൃകകള്‍ അവതരിപ്പിക്കുന്നതില്‍ മിടുക്ക് കാണിക്കുകയും അത് പ്രവൃത്തിപഥത്തിലെത്തക്കാന്‍ കഴിയാതെ വിസ്മരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന് ഇച്ഛശക്തിയോടെ മുന്നോട്ട് വന്ന് രാഷ്ട്രീയത്തിനുമപ്പുറം വികസനത്തിനായി അങ്കമാലിക്കാര്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നിടത്ത് മാത്രമേ ഈ വികസന പദ്ധതികളുടെ പൂര്‍ത്തീകരണമാകു..

സൈജുൺ സി കിടങ്ങൂർ

(പ്രത്യേക പ്രതിനിധി)

Leave a Reply

Your email address will not be published. Required fields are marked *