ജാമ്യം തടഞ്ഞു ഹൈക്കോടതി
ന്യൂഡൽഹി : അരവിന്ദ് കേജരിവാളിന്റെ ജാമ്യം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഇന്നലെ വിചാരണ ക്കോടതി കേജരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഈ വിധിയാണ് ഇന്ന് കോടതി തടഞ്ഞത്.AAP പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഹൈകോടതി വിധി.
ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‍രിവാളിനു ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നാണു സൂചന
ജാമ്യ ഹർജിയിൽ രാവിലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയ കോടതി വ്യാഴാഴ്ച രാത്രി ഏഴോടെയാണു ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചു. ഉത്തരവ് ബാധകമാക്കുന്നത് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളിയാണു ജഡ്ജി നിയായ് ബിന്ദു ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേജ്‌രിവാൾ ജയിൽ മോചിതനാകുമെന്നാണ് എഎപി നേതാക്കൾ കരുതിയത്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
കേജ്‌രിവാൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ അപ്പീൽ കോടതിയെ സമീപിക്കാനാണു സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇ.ഡി ഉന്നയിച്ചത്.

