ബെയ്‌ലി പാലം രക്ഷാപ്രവർത്തനത്തിന് കരുത്താകും
പത്തനംത്തിട്ട റാന്നിയിൽ പമ്പാനദിയ്ക്ക് കുറുകെ 1996ൽ ബെയ്‌ലി പാലം നിർമ്മിച്ചിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള പഴയ പാലം തകർന്നപ്പോഴായിരുന്നു സൈന്യം താത്കാലികമായി ബെയ്‌ലി പാലം നിർമ്മിച്ചത്.
മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന ബെയ്‌ലി (താൽക്കാലിക) പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ മുണ്ടക്കൈയിലേക്ക് എത്തിക്കാനാവും
ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന ട്രസ് ബ്രിഡ്ജിനെയാണ് ബെയ്‌ലി പാലം എന്നു വിളിക്കുന്നത്. എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന ഇവ പ്രീ- ഫാബ്രിക്കേറ്റഡ് ആണ് എന്നതാണ് പ്രത്യേകത.
1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു താത്കാലിക പാലം നിർമ്മിച്ചത്. ഒരു ഹോബിപോലെ പാലങ്ങൾ നിർമ്മിച്ചിരുന്ന ബെയ്‍ലിയുടെ ഈ കണ്ടെത്തൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് ഏറെ ഗുണകരമായി മാറി.
ഇന്ന് , സൈന്യത്തിന്റെ ആവശ്യങ്ങൾക്കും ദുരന്തനിവാരണത്തിനുമൊക്കെ വേണ്ടി ഇത്തരം താത്കാലിക പാലങ്ങൾ ഉപയോഗിക്കുന്നുണ്ട്. പാലത്തിന്റെ നിർമ്മാണത്തിനു ഉപയോഗിക്കുന്ന ഉരുക്കുകളും റെയിലുകളുമെല്ലാം മുൻകൂട്ടി തന്നെ നിർമ്മിക്കപ്പെട്ടവയാവും. ഇവ പെട്ടെന്നു തന്നെ സ്ഥലത്തേക്ക് എത്തിക്കാനും കൂട്ടിയോജിപ്പിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത.
കേരളത്തിൽ ഇതാദ്യമായല്ല ബെയ്‌ലി പാലം നിർമ്മിക്കുന്നത്. പത്തനംത്തിട്ട റാന്നിയിൽ പമ്പാനദിയ്ക്ക് കുറുകെ 1996ൽ ബെയ്‌ലി പാലം നിർമ്മിച്ചിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള പഴയ പാലം തകർന്നപ്പോഴായിരുന്നു സൈന്യം താത്കാലികമായി ബെയ്‌ലി പാലം നിർമ്മിച്ചത്.
കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിംഗ് (ജിഒസി) മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേർ കൂടി രക്ഷാദൗത്യത്തിനായി ഉടൻ ദുരന്തമുഖത്ത് എത്തും.