വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം.അധ്യാപകർക്കെതിരെ പോലീസ് അന്വേഷണം
പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്ന ഭീഷണി ഉൾപ്പെടെയുള്ള മാനസിക പീഡനങ്ങളെ കുറിച്ച് നിതിൻ തന്റെ സുഹൃത്തുക്കൾക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നതായി പോലീസ് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുമെന്നും അക്കാദമിക് ഭാവി തകർക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്ന് സംശയിക്കുന്ന സംഭവത്തിൽ വിദ്യാർത്ഥി അധ്യാപകരുടെ മാനസിക പീഡനത്തിന് ഇരയായിരുന്നതായി മാതാപിതാക്കളും സുഹൃത്തുക്കളും പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചക്കരക്കൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം പുതുക്കുളങ്ങര ഉഴമലക്കൽ സ്വദേശിയായ നിതിൻ രാജ് ആർഎൽ (22) ആണ് മരിച്ചത്. ഏപ്രിൽ 10-ന് ഉച്ചയ്ക്കാണ് മെഡിക്കൽ കോളേജ് ബ്ലോക്കിന് സമീപം കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നിതിനെ കണ്ടെത്തുന്നത്. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കോളേജ് ആഭ്യന്തര അന്വേഷണം നടത്തുകയും, ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ റാം, അസോസിയേറ്റ് പ്രൊഫസർ കെ.ടി സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്ന ഭീഷണി ഉൾപ്പെടെയുള്ള മാനസിക പീഡനങ്ങളെ കുറിച്ച് നിതിൻ തന്റെ സുഹൃത്തുക്കൾക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നതായി പോലീസ് പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുമെന്നും അക്കാദമിക് ഭാവി തകർക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണെന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. നിതിന്റെ സഹപാഠികൾ, കോളേജ് അധികൃതർ, കുടുംബാംഗങ്ങൾ എന്നിവരുടെ മൊഴികൾ പോലീസ് ഉടൻ രേഖപ്പെടുത്തും.
കറുത്ത നിറത്തിന്റെയും പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിന്റെയും പേരിൽ അധ്യാപകർ തന്റെ മകനെ മാനസികമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരുടേയും പിന്തുണയില്ലാതെ കഠിനാധ്വാനം ചെയ്താണ് അവൻ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത്. എന്നാൽ ജാതിയുടെയും നിറത്തിന്റെയും പേര് പറഞ്ഞ് അധ്യാപകർ അവനെ പീഡിപ്പിക്കുകയും പഠനം മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിതിന്റെ സഹോദരി നികിതയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചു. ജാതി അധിക്ഷേപം തുടർച്ചയായി നേരിട്ടിരുന്നതായും ഇതു സംബന്ധിച്ച് നിതിൻ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും നികിത ആരോപിച്ചു. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

