ദമ്പതികളെയും അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ പൊലീസ്.
നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി.
ഇറ്റാനഗർ∙ മലയാളി ദമ്പതികളെയും അവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചൽപ്രദേശിലെ സീറോ താഴ്‌വരയിലുള്ള ഹോട്ടലിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. ബ്ലാക്ക് മാജിക്ക് സാധ്യത സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ട്.കേരള പൊലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും ലോവര്‍ സുബാന്‍സിരി എസ്പി കെനി ബഗ്ര പറഞ്ഞു. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണു മരിച്ചത്.
മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി എസ്പി പറഞ്ഞു. ഇറ്റാനഗറിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാകും. മുറിയിൽനിന്നു മരുന്ന് കണ്ടെത്തിയിട്ടുണ്ട്.
പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.
ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്; ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം.
നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെയും ക്രൈസ്റ്റ് നഗർ സ്കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്സ് റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.