കൊട്ടിക്കലാശം
തൃശൂർ : ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ ശേഷിക്കെ വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണം. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോൾ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി റോഡ്ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക.
ഐലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുത്തത്. റോഡ് ഷോയിൽ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്ഷോയിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തിൽ സജീവമാണ്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.
ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്‍റെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് . ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.