BreakingHealthKeralaOthers

നേരിടാം കാൻസറിനെ

അശ്വതി ജോസ്

ഇന്നു കാൻസർ ബോധവൽക്കരണ ദിനം

കുറച്ചുപേർക്കെങ്കിലും ഇതു പ്രചോദനമാകട്ടെ എന്ന ചിന്തയിലാണ് ഈ കുറിപ്പെന്നു ക്യാൻസർ രോഗിയായ പിതാവിന്റെ ഓർമ്മകൾ പങ്ക് വെച്ച് മകൾ അശ്വതി. മരുന്നു മാത്രമല്ല. സ്നേഹത്തോടെയുള്ള കരുതലും പരിചരണവുമാണ് കാൻസർ രോഗികൾക്ക് ഏറെ ആവശ്യം.

Today is  world Cancer  awareness day.

The miraculous survival of my father.

കാൻസർ  എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നമ്മൾ ഒന്നു ഞെട്ടും.

‘കാൻസർ ഒരു വാക്കു മാത്രമാണ്, ഒരിക്കും പൂർണ വാചകം അല്ല’– ജോൺ ഡയമണ്ട്

2005ൽ കാഷ്വാലിറ്റിയിലെ ഒരു രാവിലെ ഡ്യൂട്ടി സമയം. കാൻസർ വന്നു മരിച്ച സുന്ദരിയായ പാലക്കാട്ടുകാരി രത്നമ്മയുടെ മൃതശരീരം  ആംബുലൻസിൽ കയറ്റുമ്പോഴാണു നാട്ടിൽ നിന്നുള്ള ഒരു ഫോൺ. പപ്പയ്ക്കു തൊണ്ടയ്ക്ക് എന്തോ പ്രശ്നം. ബയോപ്സി ചെയ്യണമെന്നു ഡോക്ടർമാർ പറയുന്നുവെന്നായിരുന്നു വാർത്ത. കോട്ടയം മെഡിക്കൽ കോളജിൽ ഇതിനുള്ള ചികിത്സയില്ല. പിന്നെയുള്ളതു തിരുവനന്തപുരം മെഡിക്കൽ കോളജാണ്. അതാണെങ്കൽ ദൂരമേറെ. പിന്നെ ഒന്നും ആലോചിക്കാതെ പപ്പയെ ഡൽഹിയിൽ കൊണ്ടുവന്നു ചികിത്സ ആരംഭിച്ചു.

ഏറെക്കാലമായി  മെഡിക്കൽ രംഗത്തു സേവനം ചെയ്യുന്ന എനിക്കു പോലും പപ്പയ്ക്കു കാൻസറാണെന്ന  ഡോക്ടർമാരുടെ  വാക്കുകൾ ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നതാണു വാസ്തവം. കാര്യം സ്ഥിരീകരിക്കാൻ ഡൽഹിയിലെ പ്രശസ്തമായ 5 ആശുപത്രികളിലെ ഡോക്ടർമാരെ കണ്ടതും ഇതിന്റെ തുടർച്ചയായിരുന്നു. എല്ലാവരും കാൻസറെന്നുറപ്പിച്ചു. ഇതുൾക്കൊള്ളാനുള്ള എന്റെ വിഷമം കാരണം ആദ്യത്തെ  3 മാസം ഹോമിയോ കൊടുത്തു. പിന്നെ ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ദേശി ചികിത്സയെ ആശ്രയിക്കാൻ കൊണ്ടുപോയി. അന്നവിടെ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ  വൈദ്യൻ രോഗിയെ നോക്കിയില്ല. മടങ്ങി വന്നപ്പോൾ വീട്ടിൽ ഒരു വൈദികൻ പപ്പയെ കാണാൻ വന്നിരിക്കുന്നു. അദ്ദേഹം എന്നോട് ചോദിച്ച ചില കാര്യങ്ങളാണു തിരിച്ചറിവുകൾ നൽകിയത്. ‘ഇത്രയും നാൾ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്തിട്ടു കാൻസർ പച്ചമരുന്നു തൂത്ത് മാറിയതായി കണ്ടിട്ടുണ്ടോ’ എന്നായിരുന്നു ശാസനാ രൂപേണയുള്ള അദ്ദേഹത്തിന്റെ ചോദ്യം. അതെന്നെ സ്പർശിച്ചു

തൊണ്ടയിലെ മുഴ ലേസർ ഉപയോഗിച്ചു കരിച്ചു കളയുമോ എന്നറിയാൻ ഞാൻ വീണ്ടും സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലെ ഡോ. സൂസൻ ജോണിനെ സമീപിച്ചു. ഇതുവരെ അങ്ങനെ ഒരു ചികിത്സയില്ലെന്നായിരുന്നു മറുപടി. ശേഷം എയിംസിലെ പ്രഫ. എസ്.‌സി. ബഹാദൂറിന്റെ യൂണിറ്റിൽ 2 തവണ ബയോപ്സി ചെയ്തു. എയിംസിന്റെ ഇഎൻടി വിഭാഗത്തിൽ ഞങ്ങളുടെ കുടുംബാംഗമായ ഡോ. ഷീന സൂസൻ ആ സമയത്തുണ്ടായിരുന്നതും അനുഗ്രഹമായി. പിന്നെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ. എ.കെ. ധവാന്റെ നേതൃത്വത്തിലും 2 തവണ ബയോപ്സി.

ഇതിൽ ഒരു തവണ ഒ.ടി ടേബിളിൽ പപ്പയ്ക്കു ശ്വാസം നിലച്ച ഘട്ടവമുണ്ടായി. ടേബിളിൽ നിന്നു ചാടിയെഴുന്നേറ്റു നെഞ്ചിൽ സ്വയം ഇടിച്ച് ദീർഘശ്വാസമെടുത്തു ഡോക്ടറിനോടു പേടിക്കേണ്ടെന്നു പറഞ്ഞാശ്വസിപ്പിച്ച പപ്പയെയാണ് എനിക്കിഷ്ടം. ഒ.ടിയിൽ നിന്നു പുറത്തുവന്ന ഡോക്ടർ പപ്പയുടെ ധൈര്യത്തെ പ്രശംസിച്ചു റിപ്പീറ്റ് ബയോപ്സി സൗജന്യമായി ചെയ്തു തരുകയാണു ചെയ്തത്. എയിംസിലും രാജീവ് ഗാന്ധിയിലും ബയോപ്സി റിപ്പോർട്ട് നെഗറ്റീവായിരുന്നു. ഈ സമയത്താണു എയിംസിൽ ഡോക്ടർമാരുടെ സമരം. പിന്നെ രോഗിയെയും കൊണ്ട് പല ആശുപത്രിയിലും കയറി ഇറങ്ങി ചികിത്സയുടെ കാര്യത്തിൽ തീരുമാനമാകാതിരുന്നു.

വീണ്ടും ഡോ. സൂസനെ സമീപിച്ചു. Tracheostomy ചെയ്തിട്ടു വീണ്ടും ബയോപ്സി ചെയ്യാൻ അടുത്ത ദിവസം വരാനായിരുന്നു നിർദേശം. ഒരു സെക്കൻഡ് എന്റെ മനസ്സൊന്നു പാളി. ജോലി സ്ഥലത്തെ തിരക്കിനെക്കുറിച്ചായി ചിന്ത. കുട്ടികളുടെ വാർഡിലെ തിരക്കിൽ എങ്ങനെ അവധി ചോദിക്കും. പെട്ടെന്ന് ‘എന്താ പറഞ്ഞതെന്നു മനസിലായില്ലെന്നുള്ള ‘ഡോക്ടറുടെ ശബ്ദം കേട്ടാണ് ഞാൻ സത്യത്തിൽ തിരികെയെത്തിയത്. പെട്ടെന്നൊന്നു ചമ്മിയെങ്കിലും സമ്മതം അറിയിച്ച് തിരികെ ഡ്യൂട്ടി സ്ഥലത്തെത്തി. ലീവ് കാര്യം അറിയിച്ചു. അസി. നഴ്സിങ് സൂപ്രണ്ട് ഏറെ സഹായമായതുകൊണ്ട് ഒന്നിനും തടസമുണ്ടായില്ല.

സെന്റ് സ്റ്റീഫൻസിൽ 10–12 ബയോപ്സി സാംപിളുകൾ എടുത്തതിൽ ഒന്നിൽ മാത്രം കാൻസർ സെല്ലുകൾ കണ്ടെത്തി. പിന്നെ ആ സ്ലൈഡ് എയിംസിലും രാജീവ് ഗാന്ധിയിലും തുടർ പരിശോധനയ്ക്ക് അയച്ചു.രോഗം കാൻസർ തന്നെയെന്നു സ്ഥിരീകരണം. ഇതിനിടെ എം.ആർ.ഐയിൽ ഇടതുവശത്തെ വോക്കൽ കോഡ് ഉൾപ്പെടെ കഴുത്തു മുഴുവനിലേക്കും ഇതു വ്യാപിച്ചുവെന്നുള്ള സ്ഥിരീകരണവും.

പപ്പയെക്കുറിച്ചും പറയാതിരിക്കാൻ പറ്റില്ല. രോഗത്തിന്റെ റൂട്ട്. 19–ാം വയസിൽ പട്ടാളത്തിൽ ചേർന്നതു മുതൽ തൊണ്ടയ്ക്കു tracheostomy ഇടുന്നതുവരെ പുകവലി, മദ്യപാനം എന്നീ ശീലങ്ങളെല്ലാമുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മനുഷ്യത്വമായിരുന്നു  അദ്ദേഹത്തെ  വേറിട്ടു നിർത്തിയിരുന്നത്. ഇന്ത്യൻ പട്ടാളം ലഹോർ വരെ പിടിച്ചടക്കി വരുമ്പോൾ ഒരു വീട്ടിൽ ഉപേക്ഷിച്ചു പോയ പാക്കിസ്ഥാനി വൃദ്ധനെ തോളിൽ കൊണ്ടുവന്നു ടെന്റിൽ സംരക്ഷിച്ചതുൾപ്പെടെയുള്ള കഥകൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പക്ഷേ പപ്പ വീണ്ടും ഫീൽഡിൽ  പോയി മടങ്ങിയെത്തിയപ്പോൾ  ഗ്രൂപ്പ് ലീഡർ ആ വയോധികനെ വെടിവച്ചു കൊന്നുവെന്ന വാർത്തയാണു കേട്ടത്.

ആൽത്തറയിൽ താമസിക്കുന്ന സന്യാസിമാർ വീട്ടിൽ വന്നു കമ്പിളി പുതപ്പ് വസ്ത്രങ്ങൾ ശേഖരിക്കുന്നത് എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. മഴക്കാലത്തു കുടയും കൊണ്ടു പുറത്തു പോയാൽ പിന്നെ വാഴയില ചൂടിയാകും തിരികെ വരുക. സ്വന്തമായി കുറേയേറെ അലിഖിത നിയമങ്ങളും ചിട്ടകളുമുള്ള ഒരു വ്യക്തിത്വം. 1965ൽ ഇന്ത്യ– പാക്ക് യുദ്ധത്തിൽ പങ്കെടുത്തിരുന്നു അദ്ദേഹം. 9 വർഷം സർവീസിലുണ്ടായിരുന്നെങ്കിലും ഒരു സർക്കാർ ആനുകൂല്യവും  അദ്ദേഹത്തിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല. സർവീസിൽ യുദ്ധമുഖത്തായിരുന്നെങ്കിൽ ജീവിതത്തിൽ വളരെയധികം രോഗങ്ങളെ പൊരുതി ജയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

കാൻസറിലേക്കു മടങ്ങി വരാം. ചണ്ഡീഗഡിൽ നിന്നു സെന്റ്. സ്റ്റീഫൻസിലെ  ഓങ്കോളജി വിഭാഗത്തിലെത്തിയ  വിസിറ്റിങ് ഡോക്ടർ, പപ്പ 3 മാസം കഷ്ടിച്ചേ ജീവിച്ചിരിക്കൂ എന്ന ദു:ഖവാർത്തയാണു തന്നത്. അതുകൊണ്ട് എന്റെ മന:സമാധാനത്തിനു വേണ്ടി എന്തെങ്കിലും ചികിത്സ നൽകാമെന്നും റേഡിയേഷനാകും ഉചിതമെന്നും  ഉപദേശിച്ചു. എന്നാൽ എയിംസ്, രാജീവ് ഗാന്ധിയിലൊക്കെ ശസ്ത്രക്രിയ നടത്തി രോഗം ബാധിച്ച ഭാഗം നീക്കം ചെയ്താലേ റേഡിയേഷൻ തുടങ്ങാനാകൂ എന്നാണ് നിർദേശിച്ചത്. അതിന് ഞാനും തയാറായില്ല. കാരണം എന്റെ മനസിൽ ഡോക്ടർ പറഞ്ഞ പ്രകാരം പപ്പയുടെ ആയുസ്സ് 3 മാസം മാത്രമായിരുന്നു. പിന്നെന്തിനാണ് ശസ്ത്രക്രിയ നടത്തി അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്.

ചണ്ഡിഗഡിൽ നിന്നു വന്ന ഡോക്ടറും അദ്ദേഹത്തിന്റെ ജൂനിയർ ഡോ. ആർ.എൻ. സിംഗാലും(എയിംസ് റേഡിയോതെറാപ്പി മുൻ പ്രഫസർ),  പ്രീത് വിഹാർ മെട്രോ ആശുപത്രിയിൽ  42 ദിവസത്തെ റേഡിയേഷൻ നടത്തി. ഇതിനിടയിൽ tracheostomy care ഒക്കെ ഞാൻ തന്നെ. ഒരു ദിവസം റേഡിയേഷൻ കഴിഞ്ഞു വീട്ടിൽ വന്നു പാതിരാത്രിയിൽ tracheostomy tube block ആയി.ശ്വാസം കിട്ടാതെ വെള്ളത്തിൽ കിടന്നു കയ്യും കാലും ഇട്ടടിക്കുന്നതു പോലെ പ്രാണവായുവിനു വേണ്ടി പിടയുന്ന പപ്പയെയാണു ഞാൻ കാണുന്നത്. അയൽവാസിയായ യശ്പാലിന്റെ സഹായത്തോടെ സമീപത്തെ ഇഎസ്ഐ ആശുപത്രിയിലെത്തിച്ചു. ഡോ. ഷമീർ  ഷാലിമാർ ബാഗിൽ നിന്നു 15 മിനിറ്റിൽ ആശുപത്രിയിലുമെത്തി tracheostomy tube change ചെയ്തത് ഇന്ന് എന്നപോലെ ഓർക്കുന്നു.

ഈ സമയത്തു പപ്പക്ക് ആഹാരം ഇറങ്ങില്ലായിരുന്നു. എന്നാലും അദ്ദേഹം മൂക്കിലൂടെ ട്യൂബിട്ടു ആഹാരം കഴിക്കാൻ തയാറായില്ല. പഴങ്ങൾ മിക്സിലിട്ട് അടിച്ച്, നേർപ്പിച്ച് നൽകുന്നതായിരുന്നു  പ്രധാന ഭക്ഷണം. പിന്നെ സൂപ്പ്, പാൽ, പ്രോട്ടീൻ പൗഡർ അങ്ങനെ ദ്രാവകരൂപത്തിലുള്ള മറ്റു പലതും. ഉത്തരേന്ത്യയിലെ കൊടും ചൂടിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടപ്പോൾ വീണ്ടും വിശപ്പ്. പിന്നെ നാരങ്ങാവെള്ളം, മോര്, തൈര് എന്നിവയെല്ലാം പതിവായി. ഒപ്പം ആത്മീയ ചികിത്സയും. 6 മാസത്തോളം പപ്പ സംസാരിക്കില്ലായിരുന്നു. എഴുതി കാണിച്ചായിരുന്നു കാര്യങ്ങൾ പറഞ്ഞിരുന്നത്. നമ്മുടെ തൊണ്ടയിൽ ഒരു മീൻ മുള്ള് തറച്ചാൽ എന്താണ് അവസ്‌ഥ, അപ്പോൾ ഒരു ട്യൂബ് 6 മാസം ഇട്ടിരിക്കുമ്പോൾ  ഉള്ള ബുദ്ധിമുട്ട് ഉഹിക്കാവുന്നതല്ലേ  .ശരീരത്തിന്റെ ഭാരം 34 കിലോയായി കുറഞ്ഞു. എങ്കിലും ഒരസ്വസ്ഥതയും പ്രകടിപ്പിക്കാതെ, പിറുപിറുപ്പുകളില്ലാതെ അദ്ദേഹം എല്ലാം നേരിട്ടു.

ഒരിക്കൽ ഒപിഡിയിൽ ചെന്നപ്പോൾ കണ്ടത് സന്തോഷകണ്ണീർ നൽകിയ കാര്യമായിരുന്നു. ഒരു ലേഡി ഡോക്ടർ പേരു പറയാൻ പപ്പയെ നിർബന്ധിക്കുന്നു. tracheostomy tube മുറുക്കിപ്പിടിച്ച് അദ്ദേഹം പല ആവർത്തികളിലൂടെ പേര് കൃത്യമായി പറയുന്നു. ഇനി മരിക്കുന്നത് വരെ സംസാരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞിട്ടും ഇടതു വോക്കൽ കോഡ് നശിച്ചിട്ടും പരുക്കൻ അല്ലാതെ വളരെ നല്ല സ്വരത്തിൽ സംസാരിച്ചത് വലിയ അത്ഭുതം ആയിരുന്നു. പിന്നീട് അദ്ദേഹം നാട്ടിൽ പോയി. സാധാരണ ഭക്ഷണമൊക്കെ കഴിച്ച് 90 വയസുള്ള സ്വന്തം അമ്മയോടൊപ്പം കഴിഞ്ഞു. വീണ്ടും 1 വർഷം കഴിഞ്ഞ് ഡൽഹിയിലെത്തി ഇഎസ്ഐ ആശുപത്രിയിൽ പരിശോധനയ്ക്കെത്തി. അദ്ദേഹത്തെ നോക്കിയ ഡോ. സുശീൽ ഭാരതി പറഞ്ഞത് എന്റെ പിതാവിന് കാൻസർ എന്നൊരു അസുഖമേ ഇല്ലെന്നായിരുന്നു. ഇദ്ദേഹം 15 വർഷം ഇനി ജീവിച്ചിരിക്കുമെന്നും. എന്റെ നിർബന്ധത്തിനു വഴങ്ങി എംആർഐ ചെയ്തപ്പോഴും എല്ലാം സാധാരണ നിലയിലായതിന്റെ  തെളിവുകൾ. വീണ്ടും സ്റ്റീഫൻസിൽ ഡോ. സൂസന്റെ അടുത്തെത്തി. കുഴപ്പമൊന്നുമില്ലെങ്കിൽ tracheostomy സ്ഥിരമായി നീക്കം ചെയ്യാമെന്നു ഡോക്ടർ പറഞ്ഞു. പരിശോധനയ്ക്കു ശേഷം അത്ഭുതമെന്നു പറഞ്ഞുകൊണ്ട് ഡോക്ടർ tracheostomy നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ എനിക്ക് ഇപ്പോഴും മറക്കാനാവില്ല. ശസ്ത്രക്രിയ ചെയ്യേണ്ടെന്ന കടുത്ത തീരുമാനം ഞാൻ എടുത്തതാണ് ഈ അത്ഭുതം കാണാൻ ഇടയാക്കിയത്.

ശേഷം ഏറെക്കാലം ഒരു കുഴപ്പവുമില്ലാതെ അദ്ദേഹം ജീവിച്ചു. തിരക്കുള്ള ജോലി, ചെറിയ കുട്ടികൾ അങ്ങനെ ആ കാലത്തു മാനസികമായും,ശാരീരികമായും സാമ്പത്തികമായും ഞാൻ അനുഭവിച്ച കഷ്ടത പപ്പയുടെ കാൻസർ വേദനയെക്കാൾ അധികമായിരുന്നു. ഡോക്ടർമാരിൽ  നിന്നു ലഭിച്ച നല്ല നിർദേശങ്ങൾ, ചികിത്സ, പിന്നെ കുടുംബത്തിന്റെ കരുതലും പിന്തുയണയും, അനേകായിരങ്ങളുടെ പ്രാർഥന, ഒപ്പം പിതാവിന്റെ നിശ്ചയദാർഡ്യം. രോഗം കീഴടക്കാൻ സഹായമായത് ഇതെല്ലാമാണ്.

ഇന്നു കാൻസർ ബോധവൽക്കരണ ദിനം . കുറച്ചുപേർക്കെങ്കിലും ഇതു പ്രചോദനമാകട്ടെ എന്ന ചിന്തയിലാണ് ഈ കുറിപ്പ്. കാൻസർ ചികിത്സയിൽ എല്ലാം മരുന്നുകളും ശരീരം ചൂടാക്കുന്നു. കൂടാതെ ആശങ്ക, നിരാശ ഇതെല്ലാം വേറെ. സാമ്പത്തികമായുള്ള ബുദ്ധിമുട്ടും.. ബാങ്ക് ലോൺ എടുത്താണു പപ്പയുടെ ചികിത്സ നടത്തിയത്. ഇതൊന്നും രോഗി അറിയേണ്ട കാര്യമില്ലെന്നതാണ് വാസ്തവം. പണം വരും പോകും. പക്ഷേ, പണമുള്ളപ്പോൾ നമ്മുടെ അടുത്ത  ബന്ധുക്കൾ, മാതാപിതാക്കൾ, അവരുടെ സ്നേഹം അതില്ലെങ്കിൽ… നമ്മൾക്ക് ആശ്രയമായി ഒരാളില്ലെങ്കിൽ….കുടുംബത്തിൽ ഒരാൾ ഡെഡിക്കേറ്റഡ് ആയാൽ മതി. ബാക്കിയുള്ളവർ അവർക്കു പിന്തുണ നൽകിയാൽ മതി. പപ്പയുടെ ചികിത്സ നടക്കുന്ന ഘട്ടത്തിൽ, നല്ല പരിചരണം കിട്ടാതെ കാൻസർ ബാധിച്ച് ചെറുപ്രായത്തിൽ ഈ ലോകം വിട്ട പലരെയും അറിയാൻ ഇടയായി. അതുകൊണ്ടു മരുന്നു മാത്രമല്ല. സ്നേഹത്തോടെയുള്ള കരുതലും പരിചരണവുമാണ് കാൻസർ രോഗികൾക്ക് ഏറെ ആവശ്യം.
മകൾ
അശ്വതി

Leave a Reply

Your email address will not be published. Required fields are marked *