BreakingPolitics

കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി, വി.മുരളീധരനെ ഒഴിവാക്കും.

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭ പൊളിച്ചുപണിയുമെന്ന സൂചന ശക്തം. സമ്പൂർണ മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി.വി.മുരളീധരനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും സൂചനയുണ്ട്.. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു. പ്രഗതി മൈതാൻ കൺവൻഷൻ സെന്ററിലായിരുന്നു യോഗം. നേരത്തേയും സമാനമായ രീതിയിൽ സമ്പൂർണ യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഇത്തവണ അഴിച്ചുപണി സംബന്ധിച്ച ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും പുതുതായി വന്ന എൻസിപി അജിത് പവാർ വിഭാഗമുൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും ആർഎസ്എസ് നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചർച്ച നടത്തിയത് ഇതിനു മുന്നോടിയാണെന്നാണ് സൂചന.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *