പോക്സോ കേസിലെ പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി പരാതി
ഹൈദരാബാദിൽ വച്ചും വടക്കാഞ്ചേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചും ഒമ്പതാംക്ലാസുകാരിയായ മകൾ പിതാവിന്റെ ഗുരുതരമായ പീഡനത്തിനിരയായതായി പരാതി
വടക്കാഞ്ചേരി : സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് സംരക്ഷിക്കുന്നതായി പരാതി.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ അധികൃതർ മുഖേന സ്വന്തം പിതാവിൽ നിന്നും ഉണ്ടായ അതിക്രൂര പീഡനത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസെടുക്കാൻ വടക്കാഞ്ചേരി പോലീസ് വിമുഖത കാണിക്കുന്നതായി ഇരയുടെ പരാതി. 13 വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ജില്ലക്കാരിയായ 19 വയസ്സുകാരിയെ വീട്ടുകാർക്ക് 5000 /- രൂപ നൽകി ഹൈദരാബാദ് സ്വദേശി വിവാഹം കഴിച്ചിരുന്നു.വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് തൃശ്ശൂർ ജില്ലയിൽ പലഭാഗത്തും വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി .
ചെറിയ ജോലികൾ ചെയ്ത് ഒമ്പതാം ക്ലാസില് പഠിക്കുന്ന മകളെയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനെയും യുവതി പോറ്റിവരികയായിരുന്നു.. 13 വർഷങ്ങൾക്ക് ശേഷം ഹൈദരാബാദ് സ്വദേശിയായ ഭർത്താവ് വീണ്ടുമെത്തി യുവതിയേയും മക്കളെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.ഭർത്താവിന്റെ വാഗ്ദാനത്തിൽ സന്തോഷമായി യുവതി മക്കളോടൊപ്പം ഹൈദരാബാദിലേക്ക് പോയി.ഹൈദരാബാദിൽ വച്ചും വടക്കാഞ്ചേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചും ഒമ്പതാംക്ലാസുകാരിയായ മകൾ പിതാവിന്റെ ഗുരുതരമായ പീഡനത്തിനിരയായതായി പരാതിയിൽ പറയുന്നു .സ്കൂൾ കൗൺസിലിംഗിൽ ഈ കാര്യം കുട്ടി പറയുകയും അതനുസരിച്ച് സ്ക്കൂൾ അധികൃതർ കുട്ടിയുടെ പരാതി നവംബർ 5 ന് വടക്കാഞ്ചേരി പോലീസിൽ നൽകി. .കുട്ടിയെ വിളിച്ച് മൊഴിയെടുത്ത പോലീസ് ആദ്യ മൊഴിയിൽ കുട്ടി മുഴുവൻ പീഡന വിവരങ്ങളും പറഞ്ഞില്ല എന്ന പേരിൽ കേസ് ചാർജ് ചെയ്യാൻ ഇപ്പോഴും മടിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു..തനിക്കെതിരെ മൊഴി നൽകിയാൽ അമ്മയെ അപകടത്തിൽ പെടുത്തും എന്ന് പിതാവ് ഇരയെ ദിവസവും വീഡിയോ കോളിൽ വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. പിതാവിന്റെ നിരന്തരമായ പീഡനത്തിൻ്റെ ഭയവും ഭീഷണിയും മാതാവിന് അപകടം സംഭവിക്കുമെന്ന ഭയവും മൂലമാണ് കുട്ടി സംഭവിച്ച കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ മടിച്ചതെന്നാണ് സൂചന..2024 ജൂണിലാണ് യുവതിയും മകനും ഹൈദരാബാദിൽ നിന്ന് മടങ്ങിയത്. ഇര നവംബർ ആദ്യവാരമാണ് ഹൈദരാബാദിൽ നിന്നും വന്നത്.ഇതിനിടെ പല തവണ കുട്ടി പിതാവിൻ്റെ പീഡനത്തിന് ഇരയായതായി ആരോപിക്കുന്നു. നവംബർ 19ന് ഇരയുടെ മാതാവ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും അതിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട് .കുട്ടിയുടെ കൈയ്യക്ഷരത്തിൽ നവംബർ 27 ന് എഴുതിയ പരാതി സ്കൂൾ അധികൃതർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകി.യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല.എങ്ങനെയെങ്കിലും പോക്സോ കേസ് ഒഴിവാക്കണമെന്ന് തീരുമാനമെടുത്ത കുട്ടിയുടെ പിതാവ് അതിനു വേണ്ടി സ്വീകരിച്ച വഴിയായിരുന്നു ഏറ്റവും വൈചിത്ര്യം നിറഞ്ഞത്.
ഡിസംബർ 15 ന് വൈകിട്ട് 7.30 ന് തെലുങ്കാന പോലീസ് ആണെന്ന് പറഞ്ഞ് 2 പുരുഷൻമാരും ഒരു സ്ത്രീയും കുണ്ടന്നുരിലെ വാടക വീട്ടിൽ എത്തി യുവതിയുടെ മുഖത്തടിക്കുകയും കയ്യും കാലും കെട്ടിയിടുകയും ചെയ്തു.യുവതിയെ കെട്ടിയിട്ട നിലയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ എതിർത്തു.തെലുങ്കാനപോലീസുകാരുടെ തിരിച്ചറിയൽ കാർഡുകൾ ചോദിച്ചപ്പോൾ അവർ നൽകാൻ തയ്യാറാകാതിരുന്നത് നാട്ടുകാരെ കൂടുതൽ ക്ഷുഭിതർ ആക്കി.ഇതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും യുവതിയേയും തെലുങ്കാന പോലീസിനെയും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും തെലുങ്കാന പോലീസ് രേഖകൾ കാണിച്ചതല്ലാതെ തിരിച്ചറിയൽ കോപ്പികൾ നൽകാൻ തയ്യാറായില്ല.അർദ്ധരാത്രിയിൽ രണ്ട് അഭിഭാഷകർ യുവതിക്ക് വേണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ എത്തിയപ്പോൾ വടക്കാഞ്ചേരി പോലീസ് അവരോട് സഹകരിക്കുകയും സുരക്ഷിതമായി യുവതിയെ തിരിച്ച് കുണ്ടന്നൂരിലെ ക്വാർട്ടേഴ്സിൽ എത്തിക്കുകയും ചെയ്തു.യുവതിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോകണം എന്ന് ശഠിച്ച തെലുങ്കാന പോലീസിനോട് അഭിഭാഷകർ ക്രൈം നമ്പർ,കുറ്റകൃത്യങ്ങളുടെ വകുപ്പുകൾ എന്നിവ ചോദിച്ചെങ്കിലും ഒന്നും നൽകാൻ തെലുങ്കാന പോലീസ് എന്നു പറയുന്നവർ തയ്യാറായിരുന്നില്ലെന്നും ആരോപണമുണ്ട് .പിറ്റേ ദിവസം യുവതിക്ക് സഹായങ്ങൾ നൽകുന്ന വ്യക്തിയുടെ ഒല്ലൂരിൽ ഉള്ള വീട്ടിലും ചാലിശ്ശേരിയുള്ള വർക്ക് ഷോപ്പിലും ചെന്ന് തെലുങ്കാന പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.അവിടെയെല്ലാം നാട്ടുകാർ ഇടപെടുകയും പ്രാദേശിക പോലീസ് ഇടപെടുകയും ചെയ്തു. യുവതിയെയും കുട്ടിയെയും ഹൈദരാബാദിലേക്ക് കടത്താനായിരുന്നു തെലുങ്കാന പോലീസിന്റെ ശ്രമം.ഭർത്താവിന്റെ വീട്ടിൽ നിന്ന് 27 പവൻ സ്വർണവും രണ്ടേമുക്കാൽ ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് യുവതി എന്നു പറഞ്ഞാണ് തെലുങ്കാന പോലീസ് വടക്കാഞ്ചേരിയിൽ എത്തിയത് പോക്സോ കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി യുവതിയെ തട്ടിക്കൊണ്ടു പോകാനാണ് തെലുങ്കാന പോലീസിന്റെ ശ്രമം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
പോലീസ് പോക്സോ കേസ് എടുക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീണ്ടും ജില്ലാ ശിശുക്ഷേമ സമിതിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
.പക്ഷേ നാട്ടുകാരുടെ ചെറുത്തുനിൽപ്പിനെയും അതിജീവിച്ച് കൊടുങ്ങല്ലൂരിൽ നിന്ന് യുവതിയെ തെലുങ്കാന പോലീസ് എന്ന് അവകാശപ്പെടുന്നവർ ഹൈദരാബാദിലേക്ക് കടത്തി.കുട്ടികൾ അനാഥരായി ”
മാതൃ സഹോദരിയുടെ സംരക്ഷണയിൽ കുട്ടികൾ ഇപ്പോൾ താമസിക്കുന്നത്.അതീവ ഗുരുതരമായ പരാതി പലവട്ടം ഉന്നയിച്ചിട്ടും പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് ഇരയും ഇരയുടെ മാതാവും ആരോപിക്കുന്നു.ഹൈദരാബാദിൽ നിന്ന് വീഡിയോ കോളിൽ വിളിച്ച് വേലൂരിൽ താമസിക്കുന്ന കുട്ടികളെ തുടർച്ചയായി ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നതായി ഇര പറഞ്ഞു.