EditorialPolitics

വേഗത കൂട്ടി കോൺഗ്രസ്‌

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കാൻ കോൺഗ്രസ്. രാജസ്ഥാൻ ,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഇത് സംബന്ധിച്ച് ഹൈക്കമാന്റ് നേതൃത്വം ചർച്ച നടത്തി കഴിഞ്ഞു.
5 സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസാണ് ഭരണത്തിൽ. ശക്തമായ പ്രവർത്തനം കാഴ്ച വെച്ചാൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുന്നതിനോടൊപ്പം മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ഭരണം പിടിക്കാമെന്നാണ് നേതൃത്വം കരുതുന്നത്.
ഇക്കഴിഞ്ഞ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. 221 അംഗ നിയമസഭയിൽ 135 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് കോൺഗ്രസ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. തർക്കങ്ങളില്ലാതെ ഒത്തൊരുമയോടെ മുന്നോട്ട് നീങ്ങിയതും ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ പ്രകടനപത്രികയും കോൺഗ്രസിന്റെ വിജയത്തിൽ നിർണായകമായിരുന്നു. സമാന രീതിയിൽ തന്നെ അഞ്ച് സംസ്ഥാനങ്ങളിലും മുന്നോട്ട് പോകാനാണ് നേതൃത്വം ഒരുങ്ങുന്നത്.

രാജസ്ഥാനിൽ താഴെതട്ടിലുള്ളവർക്കായി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളും സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പഴയ പെൻഷൻ പദ്ധതിയും തുണയാകുമെന്നാണ് നേതൃത്വം കരുതുന്നത്. നേരത്തേ ആഭ്യന്തര തർക്കങ്ങൾ ഇവിടെ കോൺഗ്രസിന് തലവേദന തീർത്തിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കമായിരുന്നു പ്രതിസന്ധിക്ക് കാരണമായത്. എന്നാൽ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും നേരിട്ട് ഇടപെടുകയും പ്രശ്നപരിഹാരം സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കിയിരുന്നു.

മധ്യപ്രദേശിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. ഉത്തർപ്രദേശിൽ പദവിയൊഴിയാനിരിക്കുന്ന പ്രിയങ്ക മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി തവണ പ്രിയങ്ക സംസ്ഥാനത്ത് എത്തിയിരുന്നു.
നിരവധി ജനകീയ പ്രഖ്യാപനങ്ങൾ കോൺഗ്രസ് സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. ബിജെപിയ്ക്കെതിരെ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് ബിജെപിയുടോയുള്ള അതൃപ്തിയും ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് നേതൃത്വം കരുതുന്നു.

ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് സ്ട്രാറ്റജി യോഗം വിലയിരുത്തിയത്. വെല്ലുവിളിയായി മുന്നിലുള്ള ഉൾപ്പാർട്ടി തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ദേശീയ നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

കർണാടകത്തിൽ ബിജെപിയുടെ തന്ത്രങ്ങൾ പൊളിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനിഗൊലുവിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിൽ തന്ത്രങ്ങൾ മെനയുന്നത്. സംസ്ഥാന വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയും ബിആർഎസ് സർക്കാരിനെതിരായ അഴിമതി വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും പ്രചരണങ്ങൾ നടക്കുക. സ്ഥാനാർത്ഥി പ്രഖ്യാപന ചർച്ചകൾക്കും ഇവിടെ തുടക്കം കുറിച്ച് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *