Others

എ പത്മകുമാർ ബിജെപിയിലേക്ക്

പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ പത്മകുമാർ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയതിന് പിന്നാലെയാണ് പത്മകുമാറുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജും അയിരൂർ പ്രദീപുമാണ് ‌പത്മകുമാറിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ച.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ചർച്ചയിൽ പങ്കെടുത്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്. അതേസമയം, പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിലും പറഞ്ഞത്.
ഞായറാഴ്ച ഉച്ചവരെ സംസ്ഥാന സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത പത്മകുമാർ, സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്തില്ല എന്ന് ഉറപ്പായതോടെ അതൃപ്തി പരസ്യമാക്കി ഉച്ചഭക്ഷണത്തിനും പൊതുസമ്മേളനത്തിലും പങ്കെടുക്കാതെ കൊല്ലത്ത് നിന്ന് മടങ്ങുകയായിരുന്നു. പാർട്ടിക്കെതിരായ വെളിപ്പെടുത്തൽ വിവാദമായതോടെ, പാർട്ടി വിട്ട് പോകില്ലെന്നും അനുവദിക്കുകയാണെങ്കിൽ ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് പത്മകുമാര്‍ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *