കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു.
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 72 പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മരിച്ച രണ്ടു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ഡ്രിറ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി എന്നിവരെയാണു തിരിച്ചറിഞ്ഞത്. രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിനിയാണ് ആന്‍ഡ്രിറ്റ. സിവില്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷം വിദ്യാര്‍ഥിയാണ് അതുല്‍. പരുക്കേറ്റ 46 പേർ കളമശേരി മെഡിക്കൽ ആശുപത്രിയിലും 18 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേരു നില അതീവഗുരുതരമാണ്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു