കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്.
കളമശ്ശേരി :കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം. സംഭവം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
നവംബർ 25ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ‘ധിഷ്‌ണ 2023’ ടെക് ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേരാണ് മരണപ്പെട്ടത്. നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പാണ് തിക്കുംതിരക്കുമുണ്ടായത്.
ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായിരുന്നു പ്രതിചേർക്കപ്പെട്ട രണ്ടുപേരും. സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ദീപക് കുമാർ സാഹു ആണ് കേസിലെ ഒന്നാം പ്രതി. ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരാണ് മറ്റു പ്രതികൾ.