BreakingCrimeKeralaOthers

നടൻ ജയസൂര്യ കുടുങ്ങി. സ്വത്ത്‌ കണ്ടുകെട്ടാൻ സാധ്യത.

ഓൺലൈൻ ആപ്പുകൾക്കെതിരേ കർശന നടപടികൾക്ക് കേന്ദ്രനിർദേശം വന്നതോടെയാണ് സേവ് ബോക്സ് തട്ടിപ്പിൽ ഇ.ഡി. കേസെടുത്തത്.

കൊച്ചി: നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തേക്കും. സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജയസൂര്യയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. സ്ഥാപനത്തിൽനിന്ന് ജയസൂര്യ കൈപ്പറ്റിയത് തട്ടിപ്പിൽ നിന്നുള്ള പണമാണെന്ന നിഗമനത്തെത്തുടർന്നാണ് ചോദ്യം ചെയ്യൽ.
കൂടുതൽ അന്വേഷണത്തിനുശേഷം കണ്ടുകെട്ടൽ നടപടികളിലേക്ക് കടന്നേക്കും. സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ താരങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും
കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ജയസൂര്യയെ ചോദ്യം ചെയ്തത്. നടനൊപ്പം ഭാര്യ സരിതയും ഹാജരായി. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ചോദ്യംചെയ്തിരുന്നു.
ഓൺലൈൻ ലേലത്തിലൂടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നൽകിയാണ് സേവ് ബോക്സ് ആപ്പ് 2019-ൽ അവതരിപ്പിച്ചത്. നടൻ ജയസൂര്യയടക്കമുള്ള സിനിമാതാരങ്ങൾ ആപ്പ് അവതരണച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. തൃശ്ശൂർ പോട്ടോർ കുറ്റൂർ എംകെ ഗാർഡൻസിൽ താമസിക്കുന്ന വിയ്യൂർ നെടിയപറമ്പിൽ സ്വാതിഖ് റഹീമായിരുന്നു സ്ഥാപന ഉടമ. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ സേവ് ബോക്സ് നൽകുന്ന വെർച്വൽ കോയിൻ പണംകൊടുത്ത് വാങ്ങണം. ഇത് ഉപയോഗിച്ചായിരുന്നു ലേലം.

സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞും സ്വാതിഖ് റഹീം പലരിൽനിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു. മാസം 25 ലക്ഷം രൂപവരെ ലാഭവും കമ്പനിയിൽ ഓഹരിപങ്കാളിത്തവുമായിരുന്നു വാഗ്ദാനം. തൃശ്ശൂർ കാളത്തോട് സ്വദേശി പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളിൽനിന്ന് 21 ലക്ഷം രൂപ സ്വാതിഖ് റഹീം നിക്ഷേപമായി സ്വീകരിച്ചിരുന്നു. മറ്റുചിലരുംകൂടി പരാതിയുമായി എത്തിയതോടെ 2023 ജനുവരിയിൽ സ്വാതിഖിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു.
സാമ്പത്തികത്തട്ടിപ്പു നടത്തുന്ന ഓൺലൈൻ ആപ്പുകൾക്കെതിരേ കർശന നടപടികൾക്ക് കേന്ദ്രനിർദേശം വന്നതോടെയാണ് സേവ് ബോക്സ് തട്ടിപ്പിൽ ഇ.ഡി. കേസെടുത്തത്. സേവ് ബോക്സ് ബ്രാൻഡ് അംബാസിഡറാകാൻ ജയസൂര്യക്ക് കരാറുണ്ടെന്നും ഇ.ഡി. സംശയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *