കേരള കോൺഗ്രസിന് കസേര ചിഹ്നം
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കസേര ചിഹ്നമാണ് ലഭിക്കുക. കേരള കോൺഗ്രസ് ബി-ക്ക് ഉദയസൂര്യനും കേരള കോൺഗ്രസ് ജേക്കബിന് ബാറ്ററി ടോർച്ചും കേരള കോൺഗ്രസ് സെക്യുലറിന് ഇലക്ട്രിക് ബൾബുമാണ് അനുവദിച്ചിട്ടുള്ളത്. ജനാധിപത്യ കേരള കോൺഗ്രസിന് സ്കൂട്ടറാണ് ചിഹ്നം.
ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള പാർട്ടികളുടെ അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച പരാതികൾ ഒക്ടോബർ 30 വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമുലം സമർപ്പിക്കാം. കരട് വിജ്ഞാപനത്തിൽ ഉൾപ്പെടാത്തവർക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കിൽ ഒക്ടോബർ 30-നകം അപേക്ഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് അപേക്ഷിക്കാൻ അർഹത.