എസ്.എഫ്.ഐക്കെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കെ.എസ്.യു സ്ഥാനാർഥിയായ ശ്രീക്കുട്ടനെ വിജയിപ്പിച്ചത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. എന്നാൽ, വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് സതീശൻ ആരോപിച്ചു.
തൃശ്ശൂർ: കേരള വർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ ആദ്യ കൗണ്ടിങ്ങിൽ വിജയിച്ച കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർഥി റീ കൗണ്ടിങ്ങിൽ പരാജയപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐക്കെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കെ.എസ്.യു സ്ഥാനാർഥിയായ ശ്രീക്കുട്ടനെ വിജയിപ്പിച്ചത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. എന്നാൽ, വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് സതീശൻ ആരോപിച്ചു. രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണ് ഇതിന് കൂട്ടുനിന്നതെന്നും സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല മഹനീയമായ അധ്യാപന ജോലിയെന്നും സതീശൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
റീ കൗണ്ടിങ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകളാണ് അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തതെന്ന് സതീശൻ ആരോപിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ടെന്നും ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണെന്നും സതീശൻ പറഞ്ഞു.
രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാർ കടന്നുപോകുന്നുവെന്നാണ് കോടതിയിൽ പറഞ്ഞത്. എന്നിട്ടും ദാരിദ്ര്യം മറയ്ക്കാൻ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം നടത്തുന്നതെന്നും സതീശൻ പരിഹസിച്ചു. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണംപോലും നൽകാൻ ശേഷിയില്ലാത്ത സര്‍ക്കാറാണ് ഈ ആർഭാടം കാട്ടുന്നത്.