ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ പ്രതി ടി എം എൻ നാരായണദാസിന് കോടതിയിൽ തിരിച്ചടി.
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ പ്രതി ടി എം എൻ നാരായണദാസിന് കോടതിയിൽ തിരിച്ചടി. വ്യാജ ലഹരിക്കേസിലെ പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ കോടതി തള്ളി. തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി പി പി സെയ്തലവിയാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഷീല സണ്ണിയെ കുടുക്കിയ ഫോൺകോളിന്‍റെ ഉറവിടം നാരായണദാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയിൽ നിർണായകമായത്
ഷീല സണ്ണിയുടെ ബാഗിൽ ലഹരിയുണ്ടെന്ന രഹസ്യ വിവരം എക്സൈസിനെ അറിയിച്ചത് നാരായണദാസായിരുന്നു. പരിശോധനയിൽ എക്സൈസ് ഷീലാ സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തുകയും ചെയ്തു. ഷീലയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ സ്കൂട്ടറിനുളളിൽ ലഹരിമരുന്ന് വെച്ചതാണെന്ന് പിന്നീട് കണ്ടെത്തിയതോടെയാണ് കേസിൽ ട്വിസ്റ്റുണ്ടായത്. കേസിൽ ഷീല സണ്ണി 72 ദിവസമാണ് ഒരു കാരണവുമില്ലാതെ ജയിലിൽ കിടന്നത്.

