കുടുംബവിസ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് : കുവൈത്തില്‍ വിദേശികള്‍ക്ക് കുടുംബവിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ പിന്‍വലിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹില് നിന്ന് ഉറപ്പ് ലഭിച്ചതായി പാര്‍ലമെന്റ് അംഗം അബ്ദുല്‍ വഹാബ് അല്‍ ഈസ വ്യക്തമാക്കി.
വിദേശികളുടെ പുതിയ താമസ നിയമം സംബന്ധിച്ച ബില്‍, അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം ലഭിച്ച ശേഷമായിരിക്കും കുടുംബ വിസ നല്‍കുന്നത് പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ രാജ്യത്തെ റിയാല്‍ എസ്റ്റേറ്റ് മേഖല വീണ്ടും സമ്പുഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.വാണിജ്യ ,ഉത്പാദന മേഖലകളില്‍ വിദഗ്ദരായ വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കാതിരുന്നാല്‍ വിദഗ്ധ തൊഴിലാളികളെ രാജ്യത്തിന് നഷ്ടപ്പെടുമെന്നും, അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അല്‍ ഈസ പറഞ്ഞു.2021 ജൂണ്‍ മാസത്തിലാണ് രാജ്യത്ത് വിദേശികള്‍ക്ക് കുടുംബ വിസ നല്‍കുന്നത് നിര്‍ത്തി വെച്ചത്.
ഇതിനുശേഷം, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ചില പ്രത്യേക വിഭാഗങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ കുടുംബ വിസ അനുവദിച്ചു വരുന്നത്.