KavithaOthers

ആദ്യാനുരാഗം

അഡ്വ : സൗമ്യ മായാദാസ്

ഇഷ്ടമായിരുന്നോമനേ കൂട്ടായിരുന്നനാൾ ഇഷ്ടമാണിപ്പോഴും ഈ നിമിഷവും
തെല്ലും കുറവില്ലതിനൊട്ടുമേ ഈ നേരവും

കൊലുസിൻ മണിനാദം കേട്ടനാളൊക്കെയും എത്തി ആ പൂമുഖമൊന്നു കാണാൻ
ഓടിയെത്തി ഞാനാ പൂമുഖമൊന്നു കാണാൻ

മഞ്ഞപ്പൂഞ്ചേലയിൽ നീ വന്നിരുന്ന നാൾ അമ്പിളി വാനിലുദിച്ചപോലെ
ആയിരം താരകൾ വാനിൽ വിരിഞ്ഞപോലെ

ആ സ്വർണ്ണ ശോഭയിലെല്ലാം മറന്നു ഞാനാഗ്രഹിച്ചോമനേ സ്വന്തമാക്കാൻ
നിൻ പൂമേനി എന്റേതു മാത്രമാക്കാൻ

മാറിലൊതുങ്ങുമാ പുസ്തകക്കെട്ടുകൾ ഞാനായിരുന്നെന്നാശിച്ചുപോയി വെറുതെ ഞാനായിരുന്നെന്നുമോഹിച്ചുപോയി

അതിനുള്ളിൽ സൂക്ഷിച്ച മയിൽ പീലി തണ്ടിൽ ഞാനെന്റെ ഹൃദയം കൊരുത്തുവച്ചു
എൻ നീല ഹൃദയം അടർത്തി വച്ചു

ഉള്ളിൽ തുടിക്കുമാ സ്നേഹത്തിൻ സ്പന്ദനമെന്തേ സഖീ നീ കേൾക്കാതെ പോയ്
എന്നാദ്യാനുരാഗം നീ അറിയാതെ പോയ്

ഓർമകൾ പൂക്കുന്ന തേൻമാവിൻ കൊമ്പിൽ നീന്നെന്തേ ദൂരേ പോയ്മറഞ്ഞു
വെറുമൊരു പുഞ്ചിരി നല്കി പറന്നകന്നു

ഒടുവിലായ് വന്നെന്നരികത്തിരിക്കുമോ വിരൽ കോർത്തു മുടിയിഴകൾ തഴുകീടുവാൻ
എൻ കൈ കോർത്തു സ്നേഹം പകർന്നീടുവാൻ

Leave a Reply

Your email address will not be published. Required fields are marked *