ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ.വിമാനം രണ്ട് മണിക്കൂർ വൈകി.
കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയ്ക്ക് പറഞ്ഞതോടെ നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. പിന്നാലെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ പ്രശാന്ത് തമാശയ്ക്ക് പറഞ്ഞതാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും വലച്ചത്.
പ്രശാന്തും ഭാര്യയും മകനും ഉൾപ്പെടെ മറ്റ് നാല് പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചപ്പോൾ പ്രശാന്തിന് ഇഷ്ടമായില്ല. ഇതിൽ ബോംബാണെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോള്‍ ഒരേ മറുപടി ആവർത്തിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിമാനം മണിക്കൂറുകൾ വൈകിയത്. പരിശോധനയ്ക്കു ശേഷം വിമാനം യാത്ര പുറപ്പെട്ടു. എന്നാൽ പ്രശാന്തിന്റെ ഭാര്യയും മക്കളും യാത്ര തുടർന്നില്ല.എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നുമില്ലെന്നാണ് വിവരം. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്. തമാശ പറഞ്ഞതിനും യാത്ര തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.