ഫാ.ജോർജ്ജ് കരിന്തോളിൽ എംസിബിഎസ് (71) നിര്യാതനായി
ധ്യാന പ്രസംഗത്തിലൂടെയും ആത്മീയ കൗൺസിലിങ്ങിലൂടെയും അനേകർക്ക് ആത്മീയ വളർച്ചയും സാന്ത്വനവും പകർന്ന സമർപ്പിത ജീവിതമായിരുന്നു ഫാ : ജോർജ് കരിന്തോളിലിന്റേത്
ആലുവ : ദിവ്യകാരുണ്യമിഷനറി സഭയുടെ മുൻ ജനറാളും (2002-2008) പ്രസിദ്ധ ധ്യാനഗുരുവുമായിരുന്ന ഫാ. ജോർജ്ജ് കരിന്തോളിൽ അന്തരിച്ചു. കോതമംഗലം രൂപതയിൽ കൊടുവേലി ചെറുപുഷ്പ ഇടവകയിലെ കരിന്തോളിൽ കുടുംബത്തിൽ വർക്കിസാറിന്റെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളിൽ രണ്ടാമനായി 1953-ൽ ജനിച്ചു. 1969-ൽ ദിവ്യകാരുണ്യ മിഷനറി സഭയിൽ പ്രവേശിച്ച്, 1972 -ൽ പ്രഥമ വ്രതവാഗ്ദാനം ചെയ്തു.
1978-ൽ കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ജോർജച്ചന്റെ ആദ്യത്തെ സേവനരംഗം തൃശൂർ അതിരൂപതയിലെ പുതുക്കാട് ഇടവകയായിരുന്നു, അസിസ്റ്റന്റ് വികാരിയായിട്ട്. തുടർന്ന് എംസിബിഎസിന്റെ വിവിധ ആശ്രമങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു: കൊല്ലാട് മൈനർ സെമിനാരി, ആലുവ സ്റ്റഡി ഹൌസ്, ഇല്ലിത്തോട് സന്നിധാന ആശ്രമം, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരി, കരിമ്പാനി ദിവ്യകാരുണ്യ ആശ്രമം, താന്നിപ്പുഴ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം എന്നീ ഭവനങ്ങളിൽ. ഇതിനിടയിൽ എംസിബിഎസ് ജനറലേറ്റിൽ കൗൺസിലറായും പിന്നീട് എംസിബിഎസ് സഭയുടെ ജനറാളായും (2002-2008) എംസിബിഎസ് സഭയെ നയിച്ചു.
ധ്യാന പ്രസംഗത്തിലൂടെയും ആത്മീയ കൗൺസിലിങ്ങിലൂടെയും അനേകർക്ക് ആത്മീയ വളർച്ചയും സാന്ത്വനവും പകർന്ന സമർപ്പിത ജീവിതമായിരുന്നു ഫാ : ജോർജ് കരിന്തോളിലിന്റേത്.ജീവിതത്തിലുടനീളം, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ഭിക്ഷാടകരുടെയും അത്താണിയായിരുന്നു ജോർജച്ചൻ.മൃതസംസ്കാര ശുശ്രുഷകൾ
സെപ്റ്റംബർ 21, ശനിയാഴ്ച രാവിലെ 9.30-ന് താന്നിപ്പുഴയിലെ ദിവ്യകാരുണ്യ ആശ്രമത്തിൽ ആരംഭിക്കും.