കോട്ടയം സീറ്റില്‍ പോരാട്ടം മുറുകും
കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രഖ്യാപിച്ചു. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് ചെയര്‍മാന്‍ പി.ജെ ജോസഫാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ കോട്ടയം സീറ്റ് പിടിക്കാന്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള കനത്ത പോരാട്ടത്തിന് കളമൊരുങ്ങി. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി കൂടിയായ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടനെ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പ് കോട്ടയം സീറ്റില്‍ മാത്രമാണ് ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് മുന്‍ ഇടുക്കി എം.പിയാണ്. 1999,2004 തെരഞ്ഞെടുപ്പുകളിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. 2016ലും 2021-ലും ഇടുക്കി നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടിരുന്നു.