പെൺകുട്ടി കന്യാകുമാരിയിൽ
കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ. പെൺകുട്ടിയെ കാണാതായിട്ട് 22 മണിക്കൂർ പിന്നിട്ടു.
തിരുവനന്തപുരം∙ കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ. പെൺകുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ടു. പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ ആറു പ്ലാറ്റ്ഫോമുകളും ട്രെയിനുകളും സ്റ്റേഷൻ പരിസരവും പരിശോധിച്ചതായി റെയിൽവേ സംരക്ഷണ സേന. രാവിലെ 5.30ന് സ്റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായി വിവരം ലഭിച്ചു. കുട്ടി ബീച്ച് ഭാഗത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പൊലീസ് പരിശോധിക്കുന്നു. കേരള പൊലീസ് സംഘത്തിൽ 4 പേർ. തമിഴ്നാട് പൊലീസും വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം ലഭിച്ചിരുന്നു. ട്രെയിനിലിരുന്ന് കരയുന്നത് ശ്രദ്ധിച്ച യാത്രക്കാരിയാണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്. പിന്നീട്, ഒരു പെൺകുട്ടിയെ കാണാതായ വാർത്ത അറിഞ്ഞതോടെ സംശയം തോന്നി ചിത്രം പൊലീസിനു കൈമാറി. കുടുംബത്തെ ചിത്രം കാണിച്ച് പെൺകുട്ടിയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാലവരെ പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. വിവരം ലഭിക്കുന്നവർ 9497960113, 112 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.