നഴ്സുമാരുടെ പൊതുവായ ആവശ്യങ്ങൾക്ക് ഫണ്ട് ചിലവഴിക്കണം.TNAI
കൊച്ചി : കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ ഫണ്ട് ഗവ നഴ്സിംഗ് കോളേജുകൾക്ക് വേണ്ടി ചിലവഴിക്കുന്നത് നിർത്തി നഴ്സുമാരുടെ പൊതുവായ ആവശ്യങ്ങൾക്ക് ചിലവഴിക്കണമെന്ന് TNAI കേരള ഘടകം ആവശ്യപ്പെട്ടു .
കേരളത്തിലെ മൂന്ന് സർക്കാർ നഴ്സിംഗ് കോളേജുകൾക്ക് വേണ്ടി 30 കോടി രൂപ ആവശ്യപ്പെട്ട് JDNE കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിന് കത്തയച്ചിട്ടുണ്ട്. കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ എന്നത് INC ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട കേരളത്തിലെ എല്ലാ നഴ്സുമാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ഒരു സ്വതന്ത്ര ബോഡി ആയിട്ടാണ് കേരളത്തിലെ എല്ലാ നഴ്സുമാരും മനസിലാക്കുന്നത്. കേരളത്തിലെ സ്വകാര്യ സർക്കാർ നഴ്സിംഗ് സ്ഥാപനങ്ങളിൽ പഠിച്ചവർ എല്ലാവരും ഒരുപോലെ അടച്ച തുകയാണ് ഇപ്പോൾ കൗൺസിലിന്റെ കയ്യിൽ ഉള്ള ഭീമമായ തുക. ഇത്രയും വലിയ തുക കയ്യിൽ ഉള്ളപ്പോൾ കൗൺസിലിന് സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ല. വിവിധ ആവശ്യങ്ങൾക്കായി കൗൺസിലിൽ വരുന്ന നഴ്സുമാർക്കുള്ള പ്രാഥമിക സൗകര്യമോ, എല്ലാവർക്കും വിളിച്ചാൽ കിട്ടുന്ന ഒരു ഹോട്ട് line സൗകര്യമോ പോലും ഇതുവരെയും നൽകാൻ കൗൺസിലിന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ എല്ലാ നഴ്സുമാരുടെയും ഫണ്ട് എടുത്ത് ഏതാനും നഴ്സിംഗ് കോളേജുകളിലേക്ക് ചൊരിയുന്നത് തികച്ചും അപലപനീയമാണ്. സർക്കാർ തുടങ്ങുന്ന കോളേജുകൾക്ക് ഫണ്ട് കണ്ടെത്തേണ്ടത് സർക്കാരും ആരോഗ്യ വകുപ്പും തന്നെയാണെന്നിരിക്കെ ഇത്തരത്തിലുള്ള നീക്കത്തിൽ നിന്നും കൗൺസിൽ പിന്തിരിയണം എന്നും സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. കേരളത്തിലെ തന്നെ മെഡിക്കൽ ഡെന്റൽ ഫാർമസി കൗൺസിലുകളിൽ ഒന്നും തന്നെ ഇല്ലാത്ത ഇത്തരം കീഴ്‌വഴക്കങ്ങൾ നഴ്സിംഗ് കൗൺസിലിൽ മാത്രം കൊണ്ടു വരുന്നതിനെ സംഘടന ശക്തിയായി എതിർക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വാശ്രയ കോളേജ് ആയ SIMET നും ഇത്തരത്തിൽ കൗൺസിൽ ഫണ്ട് നൽകിയതിനെതിരെ നഴ്സുമാരുടെ ഇടയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ആയതിനാൽ കൗൺസിൽ ഫണ്ട് കേരളത്തിലെ നഴ്സുമാരുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് വേണ്ടത്. ആയതിനാൽ ഈ തുക ഉപയോഗിച്ച് തലസ്ഥാനത്ത് അധ്യാപകർക്കുള്ള ശിക്ഷക് സദൻ മോഡലിൽ നഴ്‌സുമാർക്കുള്ള ഗസ്റ്റ്ഹൗസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം എന്നും സംഘടന ആവശ്യപ്പെടുന്നു.ഈ വിഷയത്തിൽ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ ഘടകം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് പ്രസിഡണ്ട് പ്രൊഫ. രേണു സൂസൻ തോമസ് ,സെക്രട്ടറി പ്രൊഫ. പ്രമിന മുക്കോളത്ത് എന്നിവർ അറിയിച്ചു