BreakingEducationKeralaOthers

സർവകലാശാലകളെ രാഷ്ട്രീയ ബലപരീക്ഷണ കേന്ദ്രങ്ങളാക്കുന്നത് അവസാനിപ്പിക്കണം.





കോട്ടയം : ഉന്നത വിജ്ഞാന സൗധങ്ങളായി ശോഭിക്കേണ്ട അതിമഹത്തായ സർവ്വകലാശാലകളെ രാഷ്ട്രീയ ബല പരീക്ഷണ കേന്ദ്രങ്ങളാക്കി  മാറ്റുന്ന അഭ്യാസങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ചാൻസലർ സ്ഥാനം ഉപയോഗിച്ച് സംഘപരിവാർ നോമിനിയായ ഗവർണറും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഎം നേതൃത്വം നൽകുന്ന സിൻഡിക്കേറ്റും കക്ഷിരാഷ്ട്രീയ ബലാബലത്തിൻ്റെയും അധികാര ഹുങ്കിൻ്റെയും കളിയരങ്ങാക്കി കേരള സർവകലാശാലയെ മാറ്റി യിരിക്കുന്നു. എല്ലാ മര്യാദകളും സർവകലാശാല വ്യവസ്ഥകളും  ലംഘിച്ചുകൊണ്ട് സംഘപരിവാർ ശക്തികൾക്ക് വേണ്ടി ഗവർണ്ണർ തങ്ങളുടെ കാൽക്കീഴിലേക്ക് കേരള സർവകലാശാലയെ കൊണ്ടു വരാൻ നടത്തുന്ന തരം താണ നടപടികൾ അപലപനീയമാണ്. ഭാരതാംബ ചിത്ര വിവാദ ത്തിൽ രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്യാനും പകരം ഇഷ്ടക്കാരെ നിയമവിരുദ്ധമായി രജിസ്ട്രാറായി നിയമിക്കാനും മറ്റു ഗവർണർ നടത്തിയ ഇടപെടലുകൾ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.
എന്നാൽ, അത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങളെ കയ്യൂക്കിന്റെ അടിസ്ഥാനത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ നേരിടാൻ തെരുവിലിറങ്ങിയതും ഭൂഷണമല്ല.
സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം എന്ന മഹത്തായ ജനാധിപത്യതത്വവും അതിന്റെ പ്രയോഗവുമാണ് ഇതുവഴി കരുതികഴിക്കപ്പെടുന്നത്.

ചാൻസലറും വൈസ്-ചാൻസലറും രജിസ്ട്രാറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റും അങ്കത്തട്ടിൽ വാളോങ്ങി നിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിൻ്റെ നന്മകൾ സംരക്ഷിക്കാനോ നമ്മുടെ സംസ്ഥാനത്തിനോ, ലക്ഷോപലക്ഷം വിദ്യാർഥികൾക്കോ വേണ്ടിയല്ല ഈ   ചക്കളത്തിപോര് .   അധികാര സ്ഥാനങ്ങൾ അരക്കിട്ടുറപ്പിക്കാൻ വേണ്ടി മാത്രമുള്ള ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ യശസ്സിന് തീരാ കളങ്കമാണ്.

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം അപ്പടി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിനും ഇടത് സിന്ഡിക്കേറ്റിനും സംഘ പരിവാറുമായി പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ ഒന്നുമില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം അടങ്ങിയ നയം നടപ്പാക്കാൻ തട്ടകം ഒരുക്കി കൊടുത്തിരിക്കുകയാണ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാല സമിതികൾ. സംസ്ഥാനത്തെ കോളജുകളിലെ അസംഖ്യം അദ്ധ്യാപക തസ്തികകളിൽ സ്ഥിരം നിയമനം നടത്തുന്നില്ല. ഭൂരിപക്ഷം കോളേജുകളിലും പ്രിൻസിപ്പൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്നു. 12 സർവ്വകലാശാലകളിൽ സ്ഥിരം വൈസ്-ചാൻസലർമാരില്ല. NEP-2020 എന്ന കേന്ദ്രാവിഷ്കൃത വികല വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ നാലു വർഷ ബിരുദ പരിപാടി കഴിഞ്ഞ വർഷം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്ത് കൊടുത്തത്. സിലബസ് പരിഷ്കരണം അവതാളത്തിലാണ്.  മൂല്യനിർണയ രീതിയെക്കുറിച്ചു സമഗ്ര ധാരണയിലെത്തിയി ട്ടില്ലാത്തതിനാൽ അനിശ്ചിതത്വം നിലനില്ക്കുകയാണ്. അതിനിടയിൽ  ദേശീയ വിദ്യാഭ്യാസ നയ പ്രകാരം സ്വകാര്യ സർവകലാശാലകളും  ആരംഭിക്കുന്നുവെന്ന്  മാത്രല്ല വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുകയുംചെയ്യുന്നു!  അങ്ങനെ എണ്ണമറ്റ പ്രതിസന്ധികളിലേക്ക് സർവകലാശാലകളെ തള്ളിവിട്ടതിൽ  കേന്ദ്ര സംസ്ഥാന സർക്കാരുകളും അവരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യ പ്രകാരം ചലിക്കുന്ന സർവകലാശാല സമിതികളും ഉത്തരവാദികളാണ്.

ഇത്തരമൊരു ഗുരുതര സാഹചര്യത്തിൽ നിന്ന് സർവകാശലകളുടെ സ്വഭരണാവകാശത്തെ രക്ഷിക്കുവാൻ വിദ്യാഭ്യാസ സ്നേഹികളും പൊതുസമൂഹവും മുന്നോട്ടുവരണമെന്ന് സേവ് എഡ്യൂക്കേഷൻ  കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *